Friday, March 29, 2024
spot_img

കോവിഡിലും ഒന്നിച്ചു നിന്ന് നിരവധി ജീവനുകൾ രക്ഷിച്ച ദിവസം; കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്; ഇതുവരെയും നഷ്ടപരിഹാരം കിട്ടാതെ നിരവധി പേര്‍

കരിപ്പൂർ : കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. സംസ്ഥാനത്തെ ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂർ സാക്ഷിയായത്. അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 21 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു വിമാന ദുരന്തം. 84 യാത്രക്കാരുമായി ദുബായിൽനിന്ന് പറന്നിറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗം പത്താം നമ്പർ റൺവേയിലാണ് ലാൻഡിങ്ങിന് അനുമതി നൽകിയത്. വിമാനം 13–ാം റൺവേയിലാണ് ലാൻഡ് ചെയ്തത്. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി ജന്മനാട്ടിലേക്ക് അഭയം തേടി പുറപ്പെട്ടവരാണ് യാത്രികർ. പ്രതീക്ഷകളും, സ്വപ്നങ്ങളുമായി 184 പേർ, കൂടെ 6 ജീവനക്കാരും. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ്പ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേർ മരിച്ചു. 122 പേർക്ക് പരിക്കേറ്റു.

അപകടകാരണം പഠിക്കാൻ എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ചുമതല നൽകിയിരുന്നു. എന്നാൽ ഇത് വരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതർക്ക് എയർ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂർണമായി വിതരണം ചെയ്തിട്ടുമില്ല.

കോവിഡ് രോഗഭീതിയിലും നാട്ടുകാരുടെയും പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ജീവൻ മറന്ന രക്ഷാപ്രവർത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാൽ മഴയും മഞ്ഞുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ ആദ്യ ലാൻഡിങ് ശ്രമം പാളിയെന്നും രണ്ടാം ശ്രമത്തിലാണ് അപകടമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും സർക്കാരിന്റെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തിൽപ്പെട്ടവർ പറയുന്നത്. വിമാനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരിൽ പലരും വിവിധതരം ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ് ജോലി നഷ്ടമായവരും വർഷങ്ങളോളം ചികിത്സ തുടരേണ്ടവരും ഇതിൽപ്പെടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles