Friday, May 17, 2024
spot_img

പാഞ്ച്ശീറിൽ താലിബാനു പാകിസ്ഥാൻ പിന്തുണ; പ്രവിശ്യയിൽ പാക് വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്

കാബൂൾ: പാഞ്ച്ശീറിൽ താലിബാനു പാകിസ്ഥാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. പാഞ്ച്ശീർ കൂടി കീഴടക്കാനുള്ള ഓട്ടത്തിലാണ് താലിബാൻ ഇപ്പോൾ. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പാഞ്ച്ശീർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രവിശ്യയിൽ ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ പാഞ്ച്ശീർ പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായാണ് റിപ്പോർട്ട്. മുൻ സമൻഗർ എംപി സിയ അരിയൻജദിനെ ഉദ്ധരിച്ചാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മേഖലയിൽ താലിബാനും പഞ്ച്ശിർ പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഒളിയാക്രമണം ഉണ്ടായിരിക്കുന്നത്. പാഞ്ച്ശീറിലെ പ്രതിരോധ സേനയുടെ വക്താവ് ഫാഹിം ദാഷ്തിയെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ നൂറുകണക്കിന് താലിബാൻ ഭീകരരെ തങ്ങൾ തടവുകാരായി പിടിച്ചതായി പ്രതിരോധ സേന അവകാശപ്പെട്ടു.

പ്രവിശ്യ അതിർത്തിയിലെ ഖവാക് ചുരത്തിൽ ആയിരക്കണക്കിന് താലിബാൻകാരെ വളഞ്ഞുവച്ചതായും ആയുധങ്ങളും, വാഹനങ്ങളും ഉപേക്ഷിച്ച് ഭീകരർ പിന്തിരിഞ്ഞതായും ഇവർ പറയുന്നു. ആയിരത്തിലേറെ താലിബാൻകാർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെയും റിപ്പോർട്ടുകളിൽ പറയുന്നത്. പാഞ്ച്ശീറിലെ ഏഴിൽ അഞ്ച് ജില്ലകളും പിടിച്ചെന്നാണ് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായ ഒരു പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചുകൊന്നു. ജയിലില്‍ സുരക്ഷാചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് വീട്ടില്‍ക്കയറി ബന്ധുക്കളുടെ മുന്നില്‍ വച്ച് വധിച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണം നടത്തുമെന്ന് താലിബാന്‍ അറിയിച്ചു. രാജ്യത്ത് രണ്ടിടത്തായി നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles