Thursday, May 23, 2024
spot_img

തലസ്ഥാന ജില്ലയിൽ മൂന്നു വയസ്സുകാരിയോട് പോലീസിന്റെ കാടത്തം!!! വാഹന പരിശോധനയ്ക്കിടെ കുഞ്ഞിനെ തനിച്ചാക്കി കാറിന്‍റെ താക്കോലഴിച്ചെടുത്തെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജനങ്ങൾക്ക് നേരെയുള്ള പോലീസിന്റെ നടപടികൾക്കെതിരെ, നിരവധി പരാതികളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തലസ്ഥാന ജില്ലയിൽ മൂന്നു വയസ്സുകാരിയോട് പോലീസ്‌ കൊടുംക്രൂരത കാണിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അമിത വേഗതയുണ്ടെന്ന പേരില്‍ ബാലരാമപുരത്ത് പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പോലീസുദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടിയെന്നുമാണ് ദമ്പതികൾ പരാതി ഉന്നയിച്ചിരിക്കുന്നത്. തുടർന്ന് കുഞ്ഞ് കരയുന്നത് കണ്ട മാതാപിതാക്കൾ താക്കോൽ തിരികെ ചോദിച്ചിട്ടും പോലീസ് നൽകാൻ തയ്യാറായില്ല എന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം കാറിൽ കുടുങ്ങിയ കുട്ടി കരയുന്നതിൻ്റെ ദൃശ്യങ്ങള്‍ പല മാധ്യമങ്ങളും ഇതിനോടകംതന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പോലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലായെന്ന് പറഞ്ഞെങ്കിലും ഇവരെ ഒഴിവാക്കിയില്ല എന്നും ഇവർ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പോലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ പോലീസ് മര്‍ദിക്കാനൊരുങ്ങി. ഇതുകണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു. ദേഷ്യത്തില്‍ ഓടിവന്ന പോലീസുദ്യോഗസ്ഥന്‍ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്‍റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ‍‍ ‍ഡോര്‍ ലോക്ക് ചെയ്ത് പോലീസ് ജീപ്പിന്റെ അടുത്തേയ്ക്ക് നടന്നുപോവുകയാണ് ചെയ്തതെന്നാണ് ഇവർ ഉന്നയിച്ചിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അപ്പോള്‍ കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. ആറുമാസം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ല. പക്ഷേ തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ കള്ളനായി ചിത്രീകരിച്ച പോലീസിന്‍റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാടിവര്‍ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അ‍ഞ്ജന മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles