Friday, April 19, 2024
spot_img

സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും കുടുംബവും ഒളിവിൽ; പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് ആക്ഷേപം

കൊച്ചി: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ (Mofiya Suicide) ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് ആക്ഷേപം. ഇതുവരെയും മോഫിയയുടെ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പിടികൂടിയിട്ടില്ല. ഇന്നലെ ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തത്.

എന്നാൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം അല്പസമയത്തിനകം നെല്ലിക്കുഴി യിലെ ഇവരുടെ വീട്ടിൽ ആലുവ ഡിവൈഎസ്പി എത്തുമെന്നാണ് സൂചന. എന്നാൽ സംഭവം വിവാദമായതോടെ സുഹൈലു൦ കുടുംബവും ഇന്നലെ രാവിലെ തന്നെ വീട് വിട്ട് പോയെന്നാണ് അറിയുന്നത്. പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസ൦ഘ൦ ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുട൪ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയു൦ ആവശ്യപ്പെട്ടിരുന്നു.

ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് വിവരം..

അതേസമയം സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐയ്‌ക്കെതിരെ വകുപ്പ് തല നടപടി എടുത്തു. ആലുവ സിഐ സുധീറിനെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കി. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിൽ വീഴ്ചവരുത്തിയതിലാണ് നടപടി. ഇന്നലെ ആലുവ പോലീസ് സ്‌റ്റേഷനിൽ പോയി തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. മൊഴി നൽകാൻ എത്തിയ തന്നോടും പിതാവിനോടും സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ ഉള്ളത്. ഇതിന് പുറമേ സുധീർ അധിക്ഷേപിച്ചതായി മോഫിയയുടെ പിതാവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സുധീറിനെതിരെ നടപടി സ്വീകരിച്ചത്.

മോഫിയയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ:

‘എന്‍റെ അവസാനത്തെ ആഗ്രഹം’

സങ്കടം നിറഞ്ഞ വരികളാണ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിയിരിക്കുന്നത്.

”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.

അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”

Related Articles

Latest Articles