ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള മേല്‍ശാന്തിയായി മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി (44) യെ തിരഞ്ഞെടുത്തു.  ഉച്ച:പൂജയ്ക്ക്‌ശേഷം നാലമ്പലത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി വാവനൂര്‍ കലിയത്ത് പരമേശ്വരന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.

രണ്ടാം തവണയാണ് ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ഒക്ടോബര്‍ ഒന്നു മുതല്‍ 2012മാര്‍ച്ച്‌ 31വരേയുള്ള കാലയളവിലും മേല്‍ശാന്തിയായി ഇദ്ദേഹം ഗുരുവായൂരപ്പനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓതിയ്ക്കനാണ് നിയുക്ത മേല്‍ശാന്തി പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി.

അതേസമയം നാളെമുതല്‍ ക്ഷേത്രത്തിനകത്ത് ഭജനമിരിയ്ക്കുന്ന കൃഷ്ണന്‍ നമ്പൂതിരി, ഈമാസം 31ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ഏപ്രില്‍ 1 മുതല്‍, സെപ്തംബര്‍ 30 വരേയാണ് മേല്‍ശാന്തിയുടെ കാലാവധി.