Sunday, May 26, 2024
spot_img

രാജസ്ഥാൻ പോസ്റ്റിൽ ഗോൾമഴ വർഷിച്ച് കേരളം;സന്തോഷ് ട്രോഫിയിൽ രാജസ്ഥാനെ എതിരില്ലാതെ 7 ഗോളുകൾക്ക് തകർത്തു

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തകർപ്പൻ വിജയത്തോടെ തുടക്കം. കോഴിക്കോട് ഇ.ഇം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത ഏഴുഗോളുകൾക്കാണ് രാജസ്ഥാനെ തകര്‍ത്തു. കേരളത്തിനായി വിഘ്നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടി. നിജോ ഗിൽബർട്ടും ടീമിനായി ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തി. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 29 ന് ബിഹാറിനെ നേരിടും

ആറാം മിനിറ്റില്‍ രാജസ്ഥാന്‍ പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വന്ന പന്ത് ഗില്‍ബര്‍ട്ട് സ്വീകരിച്ച് അനായാസം വലകുലുക്കുകയായിരുന്നു.

പിന്നാലെ 12-ാം മിനിറ്റിൽ വിഘ്‌നേഷും കേരളത്തിനായി വലകുലുക്കി പന്തുമായി മുന്നേറിയ വിഘ്‌നേഷ് സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. പിന്നാലെ 20-ാം മിനിറ്റിൽ വിഘ്നേഷ് വീണ്ടും ലക്ഷ്യം കണ്ടു. പന്തുമായി ഇടതുവിങ്ങിലൂടെ ബോക്സിലേക്ക് മുന്നേറിയ വിഘ്നേഷിന്റെ വലംകാലൻ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചുകയറി.

23-ാം മിനിറ്റിൽ കേരളം വീണ്ടും വലകുലുക്കി. ഇത്തവണ യുവതാരം നരേഷാണ് ടീമിനായി വലകുലുക്കിയത്. പന്തുമായി മുന്നേറിയ നരേഷ് പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. 36-ാം മിനിറ്റില്‍ നരേഷ് വീണ്ടും വലകുലുക്കി. പന്തുമായി ബോക്‌സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ നരേഷ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും കല്‍പ്പിക്കാതെ വലകുലുക്കി. ആദ്യ 36 മിനിറ്റില്‍ തന്നെ അഞ്ചുഗോളുകള്‍ നേടിക്കൊണ്ട് നിലവിലെ ചാമ്പ്യന്‍മാര്‍ കരുത്തുതെളിയിച്ചു. പിന്നാലെ മികച്ച അവസരങ്ങൾ നിരവധി സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും കേരളം ഗോളടി തുടര്‍ന്നു. 54-ാം മിനിറ്റില്‍ കേരളം ആറാം ഗോളടിച്ചു. ഇത്തവണ റിസ്വാനാണ് വലകുലുക്കിയത്. വിഘ്‌നേഷിന്റെ പാസ് സ്വീകരിച്ച റിസ്വാന്‍ അനായാസം വലകുലുക്കുകയായിരുന്നു. 81-ാം മിനിറ്റില്‍ റിസ്വാന്‍ വീണ്ടും വലകുലുക്കി. ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധതാരങ്ങളെ മറികടന്നുകൊണ്ട് മികച്ച ഫിനിഷിലൂടെ റിസ്വാന്‍ വലകുലുക്കുകയായിരുന്നു. ഇതോടെ കേരളം 7-0 ന് ആധികാരിക വിജയം സ്വന്തമാക്കി.

Related Articles

Latest Articles