Wednesday, May 8, 2024
spot_img

രണ്ട് ദിവസത്തിനകം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തിനകം കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് . കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 18,19,20 തീയതികളിൽ കനത്ത മഴയുണ്ടാകുമെന്നും ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.

ഇതേതുടർന്ന് ജൂലായ് 18, 19,20 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചു. ജൂലായ് 18 ന് ഇടുക്കി, മലപ്പുറം ജില്ലകളിലും ജൂലായ് 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും, ജൂലായ് 20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

ജൂലായ് 17 ന് ഇടുക്കിയിലും , 18 ന് കോട്ടയത്തും , 19 ന് എറണാകുളം, പാലക്കാട് ജില്ലകളിലും ജൂലായ് 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ നല്‍കുന്ന മുന്നറിയിപ്പുകളില്‍ അവസാനത്തേതാണ് റെഡ് അലര്‍ട്ട്. ഇതു ലഭിച്ചാല്‍ ഉടന്‍ മേഖലയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് ആളുകള്‍ മാറേണ്ടതാണ്.

ദുരിതബാധിത മേഖലകളിലെ ആളുകള്‍ക്കു സ്വയം തയാറായിരിക്കാനായി പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണു ഓറഞ്ച് അലര്‍ട്ട്. അവസ്ഥ വളരെ മോശമാണ് ഏതുസമയത്തും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പാണിത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഏതു സമയവും പ്രദേശം വിട്ടുപോകാന്‍ ആളുകള്‍ തയാറായിരിക്കണം.

ഇപ്പോൾ പ്രഖ്യാപിച്ച റെഡ് ഓറഞ്ച് അലെർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും എമെർജൻസി കിറ്റ് തയ്യാറാക്കി വക്കാന്‍ നിർദേശമുണ്ട്. മാറി താമസിക്കേണ്ട സാഹചര്യം വന്നാല്‍ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാവേണ്ടതുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വിനോദയാത്രകള്‍ ഒഴിവാക്കണം. രാത്രിസമയത്ത് മലയോരമേഖലകളിലേയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതുണ്ട്.

https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2291201180973916

Related Articles

Latest Articles