ദില്ലി: യുക്രെയ്നിൽ പ്രതിസന്ധി (Russia-Ukraine Conflict) തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തുള്ള ഇന്ത്യാക്കാരെ മടക്കിയെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ സംഘവുമായി യുക്രെയ്‌നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് എത്തും. രാത്രി 10.15 ഓടെയാകും വിമാനം ദില്ലിയിലെത്തുകയെന്നാണ് വിവരം.
അതേസമയം യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. റഷ്യൻ അധിനിവേശ ശ്രമം നടക്കുന്നതിനിടെ മുൻകരുതലായിട്ടാണ് വിദ്യാർത്ഥികളേയും ജോലിചെയ്യുന്നവരേയും ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. എഐ1946 ഡ്രീംലൈനർ ബോയിംഗ് ബി 787 വിമാനത്തിൽ 242 യാത്രക്കാരാണ് കഴിഞ്ഞ ദിവസം എത്തിയത്. മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രെയ്ൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്.

