Monday, May 6, 2024
spot_img

അത്താഴ പട്ടിണിക്കാരും കൂലിവേലക്കാരും പണിമുടക്കുമ്പോള്‍ ലുലു ‍മാളിനെ ഒഴിവാക്കി; മുതലാളിയുടെ വരുമാനത്തില്‍ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ദ്വിദിന പണിമുടക്ക് മറ്റു സംസ്ഥാനങ്ങളെയൊന്നും അധികം ബാധിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ ഒന്നാകെ വലച്ചിരിക്കുകയാണ്. ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കുമ്പോള്‍ ലുലു മാളിനെ എന്തിന് ഒഴിവാക്കിയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോള്‍ എം.എ യൂസഫലി മുതലാളിയുടെ വരുമാനത്തില്‍ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സന്ദീപ് വചസ്പതി ( sandeep vachaspati) ഫെയ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

30 വയസിന് ശേഷവും ഒരാൾ കമ്മ്യൂണിസ്റ്റ് ആയി തുടരുന്നുണ്ട് എങ്കിൽ അയാൾക്ക് തലച്ചോർ ഇല്ല” എന്ന കണ്ടെത്തൽ ആരുടേതായാലും അത് മലയാളികളെ പറ്റിയാകാനേ തരമുള്ളൂ. പ്രബുദ്ധത എന്നത് എഴുതാനും വായിക്കാനും അറിയുന്നതും ആഗോള സ്ഥിതിവിവര കണക്കുകൾ ഉദ്ധരിക്കാൻ കഴിയുന്നതുമല്ല എന്ന് മലയാളി എന്നാണ് മനസിലാക്കുക. കാപട്യം, വഞ്ചന, ഇരട്ടത്താപ്പ് ഇതൊക്കെയാണ് കമ്മ്യൂണിസം എന്ന് ലോകം മുഴുവൻ മനസിലാക്കിയതാണ്, വിലയിരുത്തിയതാണ്. എന്നിട്ടും മലയാളി മാത്രം ആ കെണിയിൽ ആവർത്തിച്ചു വീഴുന്നത് എന്തുകൊണ്ട് എന്ന് നമ്മൾ ഇരുത്തി ചിന്തിക്കണം.
നമ്മളെ എത്ര സമർത്ഥമായാണ് കമ്മ്യൂണിസ്റ്റുകൾ പറ്റിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ‘ദേശീയ’ പണിമുടക്ക്, വ്യാപാര മേഖല കുത്തകകൾക്ക് തീറെഴുതുന്നതിന്
എതിരെ കൂടിയാണ്. അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോൾ എം.എ യൂസഫലി മുതലാളിയുടെ വരുമാനത്തിൽ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാർട്ടിക്ക് നിർബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. മുണ്ട് മുറുക്കി ഉടുത്തും പാർട്ടി തീരുമാനം നടപ്പാക്കാൻ ഇറങ്ങി തിരിച്ച സഖാക്കന്മാർക്ക് ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നട്ടെല്ലുണ്ടോ? പാർട്ടി എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറാകുന്ന നിങ്ങൾ ഭാവി കേരളത്തിനെയാണ് ഇല്ലാതാക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താതെ കേരളം ഗതി പിടിക്കില്ല. ഈ തെമ്മാടിത്തം ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ഒരാളു പോലും പാർട്ടിയിൽ ഇല്ലാ എന്ന് തിരിച്ചറിയുമ്പോഴാണ് പ്രവചന സ്വഭാവമുള്ള ആദ്യ വാചകം കേരളത്തിൽ പ്രസക്തമാകുന്നത്.

Related Articles

Latest Articles