Thursday, May 23, 2024
spot_img

ശരണംവിളിയുടെ തത്ത്വം

ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്യപ്പന്‍മാരും അയ്യപ്പ ഭക്തന്‍മാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗേ്വദത്തില്‍ ‘ഇന്ദ്ര ത്രിധാതു ശരണം’ എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളില്‍ പറയുന്നുണ്ട്. ഈശ്വരനില്‍ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളില്‍ വേണം.

അപ്പോള്‍ ഭക്തന്‍ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങള്‍ക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകള്‍ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തില്‍ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. ‘ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ’ എന്ന് പുരുഷസൂക്തത്തില്‍ പ്രസ്താവിക്കുന്നതു കാണാം. യജുര്‍വേദത്തില്‍ ഉള്ളതാണിത്. ‘ചന്ദ്രമാ മനസോ… സൂര്യോജായതാ’ – കണ്ണുകള്‍ സൂര്യന്‍മാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് ‘ഘൗിമശേര’ ഭ്രാന്തെന്ന് അര്‍ഥം വരുന്ന വാക്ക്, ‘ഘൗിമൃ’ ചന്ദ്രന്‍ എന്ന വാക്കില്‍നിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്. അപ്പോള്‍ നാക്കില്‍ എന്താണ് ഇരിക്കുന്നത്? നാക്കില്‍ ‘ജിഹ്വ അഗ്നിം പ്രാവിശത്’ എന്നു പ്രാചീനഗ്രന്ഥങ്ങളില്‍ കാണാം. ജിഹ്വയില്‍ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തില്‍ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുമ്പോള്‍ നാക്കില്‍ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.

മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കില്‍നിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്യപ്പന്മാര്‍ക്കുണ്ടാകേണ്ടത്. കാരണം, നാക്കില്‍ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുമ്പോള്‍ ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന് നിരന്തരം പറയുമ്പോള്‍, നാവിലൂടെ ഒരു മനുഷ്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും. കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാര്‍ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോള്‍ ഏറ്റവും നല്ല ഭാഷയാണ് ‘സ്വാമിയേ ശരണം അയ്യപ്പാ.’ നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. നിരന്തരം നമ്മള്‍ ഒരേ വാക്കുകള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ആയിത്തീരാന്‍ നാം തയ്യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികള്‍ ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തില്‍ പൂര്‍ണമായി അയ്യപ്പതത്ത്വത്തെ ദര്‍ശിക്കാന്‍. നമ്മുടെ ഉള്ളിലുള്ള അയ്യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാന്‍ കഴിയും. ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനില്‍നിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവര്‍ത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനില്‍നിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്യും. ഇതാണ് ശരണംവിളിയുടെ രഹസ്യാര്‍ഥം.

Related Articles

Latest Articles