Friday, May 17, 2024
spot_img

ഉത്സവത്തിന് പ്രതിഷ്ഠ മാറുന്ന, ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!!

ഉത്സവത്തിന് പ്രതിഷ്ഠ മാറുന്ന, ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! | VALAYANADU DEVI TEMPLE

ഇന്നലെകളുടെ തുടര്‍ച്ചകളിലൂടെ കടന്നുപോകുന്ന കോഴിക്കോടിനെ സംസ്കാരങ്ങളോടും ഐതിഹ്യങ്ങളോടും ചേര്‍ത്തു നിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. കോഴിക്കോടിന്റെ സമ്പന്നമായ പൗരാണികതയുടെ കഥ ക്ഷേത്ര വിശ്വാസികളെ മാത്രമല്ല, സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കുമെല്ലാം വ്യത്യസ്ത ഉള്‍ക്കാഴ്ചകളാണ് നല്കുന്നത്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് വളയനാട് ദേവി ക്ഷേത്രം. സാമൂതിരി രാജാക്കന്മാരുടെ ഉപാസനാ ദേവിയായിരുന്ന വളയനാട് ദേവിയെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും പറയാം

കോഴിക്കോടിന്‍റെ ഐതിഹ്യവും വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് വളയനാട് ദേവി ക്ഷേത്രം. സാമൂതിരി രാജാക്കന്മാരുടെ ഉപാസനാ ദേവതയാണ് വളയനാട് ഭഗവതി എന്നാണ് വിശ്വാസം. ദേവിയുടെ വളയെറിഞ്ഞ് ആണ് ഇവി‌ടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസിക്കുന്നത്.

സാമൂതിരിയും വള്ളുവകോനാതിരിയും തമ്മിലുള്ള പടപ്പുറപ്പാടുകളില്‍ മികച്ച സൈനികവും സാമ്പത്തികവുമായ കരുത്തും ഉണ്ടായിട്ടും സാമൂതിരിക്ക് പരാജയം തന്നെയായിരുന്നു മിക്കപ്പോഴും ലഭിച്ചിരുന്നത്. ഇതിന്റെ കാരണമന്വേഷിച്ച അദ്ദേഹത്തിന് മനസ്സിലായത് ദേവിയുടെ അനുഗ്രഹമാണ് കോനാതിരിയുടെ വിജയത്തിനു പിന്നിലെന്നാണ്. അങ്ങനെ ദേവിയു‌ടെ അനുഗ്രഹം നേടുവാനായി സാമൂതിരി തപസ്സനുഷ്ഠിക്കുകയും ഒടുവില്‍ ദേവി അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട സാമൂതിരിയോട് ദേവി ഒരു നിബന്ധന വെച്ചു. യാത്രയില്‍ എപ്പോഴെങ്കിലും പിന്തിരിഞ്ഞു നോക്കിയാല്‍ താന്‍ തരികെ പോകുമെന്നായിരുന്നു അത്. മുമ്പില്‍ സാമൂതിരി രാജാവും പിന്നില്‍ ഭഗവതിയും യാത്ര തുടര്‍ന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ദേവിയുടെ കാല്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍ , സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കി. ഇതുകണ്ട ദേവി തന്റെ കയ്യിലുണ്ടായിരുന്ന വള ഊരി എറിയുകയും വള വീണ സ്ഥലത്തായിരിക്കും തന്റെ സാന്നിധ്യമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. നിലത്തുവീണ വള ഒരാഴ്ചയോളം കാലം കറങ്ങുകയും ഇന്നു ക്ഷേത്രം നല്‍ക്കുന്ന സ്ഥാനത്ത് നില്‍ക്കുകയും ചെയ്തു. അങ്ങനെ ഇവിടം തിരുവളയനാട് എന്നും വളയനാട് എന്നും അറിയപ്പെട്ടു. അന്നു മുതല്‍ സാമൂതിരിമാരുടെ ഉപാസനാ ദേവതയാണ് ഈ ദേവി.

വളയനാട് ഭഗവതി വന്നതിനു ശേഷം സാമൂതിരി പിന്നെ പരാജയം അറിഞ്ഞിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഓരോ പടയ്ക്കു പോകുന്നതിനു മുന്‍പും വളയനാട്ടമ്മയ്ക്ക് ബലികൊടുത്തിട്ടാണ് സാമൂതിരി രാജാവ് പൊയ്ക്കൊണ്ടിരുന്നത്. ദേവി കടാക്ഷം കൂടെയുള്ളതിനാല്‍ പിന്നീട് ഒരിക്കലും രാജാവിന് പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലത്രെ.

‌കേരളത്തിലെ സാധാരണ ദേവി ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പല കാര്യങ്ങളും ഇവി‌ടെ കാണുവാന്‍ സാധിക്കും. കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആരാധന നടത്തുന്ന അപൂര്‍വം ശാക്തേയ ക്ഷേത്രമാണിത്. കാശ്മീരി സമ്പ്രദായക്കാരായ മൂസ്സത്മാര്‍ ആണ് ഇവിടെ ശാക്തേയ ക്രമത്തില്‍ പൂജ ചെയ്യുന്നത്. തങ്കത്തകിടില്‍ വരച്ച ശ്രീചക്രം ദേവതാസാന്നിദ്ധ്യസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാകയാല്‍ ഇതിന് ധാരാളം ഫലങ്ങളുണ്ട്. ഇവിടുത്തെ ക്ഷേത്രപാലകന്‍റെ നടയ്ക്കല്‍വെച്ച് നടത്തുന്ന ഗുരുതി തര്‍പ്പണം പ്രസിദ്ധമായ ഒരു ചടങ്ങാണ്. കൂടാതെ സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഇവിടെ കാണാം. ശിവന്‍, കപ്പല്‍ഭഗവതി, ശാസ്താവ്, ഗണപതി എന്നീ ഉപദേവതമാരും ഇവിടെയുണ്ട്.

രസകരമായ ഐതിഹ്യമാണ് ക്ഷേത്രത്തിന്‍റെ ഉത്സവത്തിനും പറയുവാനുള്ളത്. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ക്ഷേത്രോത്സവം ആരംഭിക്കുന്നത് മകര മാസത്തിലെ കാര്‍ത്തിക നാളിലാണ്. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് തളി മഹാദേവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദേവനെ ഉടവാളിൽ ആവാഹിച്ച് വളയനാട് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. വരുന്ന 7 ദിവസങ്ങളില്‍ ദേവനായിരിക്കും പ്രധാന പ്രതിഷ്ഠ. എന്നാല്‍ ദേവന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ദേവിക്ക് തീണ്ടല്‍ ആവുകയും ദേവി ദേവനെ കാണാത വട്ടോളി ഇല്ലത്തേക്ക് മാറുകയും ചെയ്യും. ദേവിയെ വിവാഹം ചെയ്യുവാനായി എത്തുന്ന ദേവന്‍ ദേവിയെ കാണാതെ മടങ്ങുന്നതാണ് ഉത്സവത്തിന്റെ ചരിത്രം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വളയനാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തളി മഹാശിവക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്ററും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്നും അരക്കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. സിറ്റി ബസ്സില്‍ കയറിയാല്‍ ക്ഷേത്രത്തിലെത്താം

Related Articles

Latest Articles