Tuesday, April 30, 2024
spot_img

ആ നാദം നിലച്ചു ; സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം പകർന്നു. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെയും സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്.

സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത നീലകളേബര, ശ്രീകോവിൽ നട തുറന്നു, വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷകാ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു കെ.ജി.ജയന്റെ പിതാവ് ഗോപാലൻ തന്ത്രി. കർണാടക സംഗീതത്തിൽ മികവ് തെളിയിച്ചതിന് ശേഷമാണ് കെ.ജി ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവട് വയ്‌ക്കുന്നത്.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിരവധി ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. 2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങീ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles