Thursday, May 9, 2024
spot_img

‘അവാർഡായി നൽകുന്നത് ലെസ്ബിയൻ പ്രതിമ, ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു, ഇത് ഒരു ഗുണവുമില്ല’; സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് നടൻ അലൻസിയർ

വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ അലൻസിയർ. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട് എന്നും താരം പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ താൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും അലൻസിയർ പറഞ്ഞു. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ വിവാദ പരാമർശം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു. അപ്പൻ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമർശം. സ്പെഷ്യൽ ജൂറി പരാമർശത്തിന് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണം. 25000 രൂപ തന്ന് അപമാനിക്കരുത്. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.

Related Articles

Latest Articles