Tuesday, April 23, 2024
spot_img

വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് അതിജീവിത; താരസംഘടനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി അതിജീവിതയുടെ പിതാവ്

കൊച്ചി:അമ്മയുടെ വാര്‍ഷികയോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് കുറിപ്പിലൂടെ ആയിരുന്നു അവർ വ്യക്തമാക്കിയത്.

അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തെറ്റു ചെയ്തിട്ടില്ല എങ്കില്‍ വിജയ് ബാബു എന്തിന് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. താരസംഘടനയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറയുകയും ചെയ്തു.

വിജയ് ബാബുവിനെതിരേ തല്ക്കാലത്തേക്ക് നടപടികളെടുക്കുന്നില്ലെന്നും പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പത്രസമ്മേളനത്തില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കാത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേർക്കുകയും ചെയ്തു.

വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തിരുന്നു. വിജയ് ബാബു മറ്റുപല ക്ലബ്ബുകളിലും അംഗമാണെന്നും കേസിന്റെ പേരില്‍ അവിടെനിന്നെല്ലാം പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് വിധിവന്നശേഷം സംഘടനാപരമായ തീരുമാനം എടുക്കുമെന്നാണ് യോഗതീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു.

ഇന്ന് വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.

വിജയ് ബാബുവിനെതിരെ പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പോലീസിന് മുമ്പാകെ ഹാജരായിരുന്നു. ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്ന സമയം. വിജയ് ബാബുവിനെ തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.

Related Articles

Latest Articles