Tuesday, May 7, 2024
spot_img

” താലിബാനെ പേടിയാണ്, ഞാൻ രാജ്യം വിടുന്നു’: താലിബാൻ നേതാവിനെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തക അഫ്ഗാൻ വിട്ടു

കാബൂൾ: താലിബാന്‍ നേതാവുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തു. ടെലിവിഷനില്‍ താലിബാന്‍ വക്താവ് മൗലവി അബ്ദുള്‍ഹഖ് ഹമദുമായാണ്, ബെഹെസ്ത അര്‍ഘന്ദ് എന്ന ലോക പ്രശസ്തയായ പത്രപ്രവര്‍ത്തക അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖത്തിന് ശേഷം ഇവർ നാടുവിടുകയായിരുന്നു. മറ്റുള്ളവരെപ്പോലെ താനും താലിബാന്‍ സംഘത്തെ ഭയപ്പെടുന്നുവെന്ന് അവര്‍ പറയുന്നു.

അവതാരക പറഞ്ഞതിങ്ങനെ:

‘എനിക്ക് താലിബാനെ പേടിയാണ്, ഞാൻ രാജ്യം വിടുന്നു. സ്ഥിതി മെച്ചപ്പെട്ടാല്‍, ഞാന്‍ സുരക്ഷിതയണെന്നും എനിക്കൊരു ഭീഷണിയുമില്ലെന്നും തിരിച്ചറിയുന്ന സമയം, ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഒരു മാസവും 20 ദിവസവും അവിടെ ജോലി ചെയ്തു, ഇതിനിടയിലാണ് താലിബാൻ വന്നത്. താലിബാൻ വക്താവുമായി നടത്തിയ അഭിമുഖം ബുദ്ധിമുട്ട് ഏറിയതായിരുന്നു. എന്നാൽ ഞാൻ അഫ്ഗാൻ സ്ത്രീകൾക്ക് വേണ്ടി അത് ചെയ്തു. ഞാൻ താലിബാൻ അംഗത്തോട് പറഞ്ഞു, ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങൾ വേണം. ഞങ്ങൾക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ഇത് ഞങ്ങളുടെ അവകാശമാണ്. പക്ഷെ ഓരോ ദിവസവും ഭയപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന ഉത്തരവുകളും നിയന്ത്രണങ്ങളും ആയിരുന്നു അവർ നടപ്പിലാക്കിയിരുന്നത്. ഇതോടെയാണ് രാജ്യം വിടാൻ ഞാൻ തീരുമാനിച്ചത്’, യുവതി പറയുന്നു.

അതേസമയം ടെലിവിഷനില്‍ ടോളോ ന്യൂസിനായി ബെഹെസ്ത അര്‍ഘന്ദ് എന്ന ഇരുപത്തിനാലുകാരി മുതിര്‍ന്ന താലിബാന്‍ പ്രതിനിധിയുമായി നടത്തിയ അഭിമുഖം ഏറെ ലോകശ്രദ്ധ നേടിയിരുന്നു. താലിബാന്‍ പ്രതിനിധിയെ തത്സമയം ഒരു വനിതാ അവതാരക അഭിമുഖം നടത്തുന്നത് ഇത് ആദ്യമായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം, താലിബാൻ വധശ്രമത്തെ അതിജീവിച്ച മലാല യൂസഫ്സായിയുമായും അർഘന്ദ് അഭിമുഖം നടത്തി. താലിബാന്‍ ആക്രമണത്തിനു ശേഷം അഫ്ഗാന്‍ ചാനലുമായി മലാല സഹകരിക്കുന്നത് ആദ്യമായിരുന്നു. എന്നാൽ ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ബെഹെസ്ത അര്‍ഘന്ദ് തന്റെ കരിയറിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സ്വന്തം നാട്ടില്‍ നിന്ന് പലായനം നടത്തേണ്ടി വരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles