Sunday, May 5, 2024
spot_img

കേരളത്തില്‍ വിതരണം നിര്‍ത്താൻ ആമസോണ്‍; കാരണം ഇതാണ്…

തിരുവനന്തപുരം: കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍. കോവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടുണ്ട്. അതേ സമയം കേരളത്തിൽ പ്രദേശികമായി കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്‍റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം അവശ്യസാധനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൗൺ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്‍റെ വിതരണം എളുപ്പം നടക്കുന്നില്ല. ലോക്ക്ഡൗൺ ഇളവിന് മുന്‍പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി. പക്ഷെ മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോഴും കേരളത്തില്‍ സുഗമമായി വിതരണം നടത്തുന്നുണ്ട്.

ആമസോണിന്‍റെയടക്കം വിതരണം തടസ്സമാകുന്നത് സംബന്ധിച്ച് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോണി തോമസ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളിൽ ഒന്നാണ് ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡ്രോൺ ടെക്നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിൻ, റോബോട്ടിക്സ്, ഡ്രൈവർലെസ്സ് കാറുകൾ, ഹ്യൂമൻലെസ്സ് ഡെലിവറി, തുടങ്ങിയവയിൽ എല്ലാം ആമസോൺ അതി വിദഗ്ധരാണ്. എന്തിന് ലോകത്തെ പല കമ്പനികളും, സർക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ്‌ പോലും ആമസോണിന്റെയാണ്. ഇതിന്റെ ബലത്തിൽ ലോകത്ത് എവിടെയും, എന്തും എത്തിക്കാൻ ആമസോണിനു കഴിയും. പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുൻപിൽ ആമസോൺ മുട്ടു മടക്കി പിൻവാങ്ങി.

ഇന്നു തുറക്കും, നാളെ അടയ്ക്കും, മറ്റന്നാൾ പകുതി അടയ്ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗൺ, മറ്റേ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വർക്ക്ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്പെയർ പാർട്സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിൻറെ ഒരു വശം D, മറ്റേ വശം A.. എന്തൊക്കെ പ്രഹസനങ്ങൾ.. ഇതു മനസ്സിലാക്കാൻ ആമസോണിന്റെ സൂപ്പർ കംപ്യൂട്ടർ ഒന്നും പോരാ, അവരുടെ വിദ്യകൾ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോൺ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിർത്തി.
കേരളാ കോവിഡ് പ്രഹസനത്തിന് മുൻപിൽ ആമസോൺ പോലും നിർബാധം കീഴടങ്ങിയ സ്ഥിതിക്ക്‌, പൂട്ടികെട്ടിയിട്ട നാട്ടുകാർക്ക് പുറത്തു പോവാതെ ഓൺലൈനായി അവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികൾക്ക് മിനിമം ഒരു UN അവാർഡ് എങ്കിലും പ്രതീക്ഷിക്കാമോ?

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles