Saturday, May 4, 2024
spot_img

കുതിരാൻ തുരങ്കത്തിൽ സന്ദർശകരുടെ വൻ തിരക്ക്; വാഹനങ്ങളുടെ നിര രണ്ടര കിലോമീറ്ററോളം…

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിൽ സന്ദർശകരുടെ വൻ തിരക്ക്. വാഹനങ്ങളുടെ നിര രണ്ടര കിലോമീറ്ററോളം നീണ്ടു. ഒടുവിൽ പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. ദേശീയപാത 544ൽ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം

കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്.

അതേസമയം 2014 നാണ് തുരങ്കം നിർമാണ പ്രവൃത്തി ആരംഭിച്ചത്. 2016 മെയ് 13ന് തുരങ്കം വെടിമരുന്ന് നിറച്ച് പൊട്ടിക്കൽ ആരംഭിച്ചു. ആദ്യം ഇടതുതുരങ്കമാണ് പണി ആരംഭിച്ചത്. പിന്നീട് വലത് തുരങ്കവും ഇതേ മാതൃകയിൽ നിർമാണം ആരംഭിച്ചു. 2017 ഫെബ്രുവരി 20-ന് ഇടത് തുരങ്കവും ഏപ്രിൽ 21 ന് വലത് തുരങ്കവും കൂട്ടിമുട്ടി. കല്ല് പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് മാസം പണി നിർത്തി. പ്രദേശവാസികൾക്ക് നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ കരാർ കമ്പനി നൽകിയ ശേഷമാണ് പണി പുനരാരംഭിച്ചത്.

ഒരു വർഷത്തിനകം തുരങ്കം തുറക്കുമെന്നാണ് ആദ്യം പറഞ്ഞത്. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം നിലച്ചു. തുരങ്ക നിർമാണം ഉപകരാറെടുത്ത പ്രഗതി കമ്പനി നിർമാണത്തിൽനിന്ന്‌ പിന്മാറിയതോടെ കൂടുതൽ പ്രതിസന്ധിയിലായി. പിന്നീട് ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി തന്നെ നിർമാണം ഏറ്റെടുത്തു. 2018 ആഗസ്‌ത്‌ 16 ന് കുതിരാൻ തുരങ്കത്തിന് മുകളിലുണ്ടായ വൻ മണ്ണിടിച്ചിൽ നിർമാണം വീണ്ടും പ്രതിസന്ധിയിലാക്കി. ലോക്ക്‌ഡൗണും നിർമാണം മന്ദഗതിയിലാക്കി. പത്ത് തവണയെങ്കിലും തുരങ്കം തുറക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുരങ്കം തുറന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles