Thursday, May 2, 2024
spot_img

‘സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാലെന്താ കുഴപ്പം? അവർ എന്തിനും മുന്നിൽ നിൽക്കുന്നവർ; നായകൻ വിളക്ക് കത്തിച്ചതും ശബരിമലയ്ക്ക് പോയതുമൊക്കെ ഒരു തെറ്റോ? വിമർശകരുടെ വായടിപ്പിച്ച് മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ

മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി തിയേറ്ററുകളിൽ നിറഞ്ഞൊടുകയാണ്. .

എന്നാൽ ഇതിനിടെ ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചുവെന്നും നായകൻ ശബരിമലയിൽ പോയെന്നും ചൂണ്ടിക്കാട്ടി പരിഹാസവും വിമർശനവുമായി സോഷ്യൽ മീഡിയയിൽ സിനിമയ്‌ക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്.

ഇത്തരം ദുഷ്പ്രചാരണങ്ങൾ എന്തിനാണെന്ന് ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിഷ്ണു മോഹൻ.

ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചു എന്ന് കരുതി എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു. സേവാഭാരതി ബ്ലാക്ക് ലിസ്റ്റിൽ ഉള്ള സംഘടനാ ഒന്നുമല്ലല്ലോ എന്നും അങ്ങനെയുള്ളപ്പോൾ ഇത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്നുമാണ് സംവിധായകൻ ചോദിക്കുന്നത്.

മാത്രമല്ല കേരളത്തിൽ ഏതൊരു ദുരന്തമുണ്ടായാലും പോലീസും ഫയർഫോഴ്‌സും കഴിഞ്ഞ് ഞാൻ മുന്നിൽ കണ്ടിട്ടുള്ളത് സേവാഭാരതി ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘എന്തിനാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ. ഇങ്ങനെയൊക്കെ ആണെങ്കിൽ എങ്ങനെയാണ് സിനിമ ചെയ്യുക? ഇതിലെ നിസാര കാര്യങ്ങളാണ് ആളുകൾ വലിയ പ്രശ്നങ്ങൾ ആക്കുന്നത്. ഇതിൽ സേവാഭാരതിയുടെ ഒരു ആംബുലൻസ് ഉപയോഗിച്ചിട്ടുണ്ട്. ആ ആംബുലൻസ് ഉപയോഗിച്ചതാണ് വലിയ പ്രശ്നം. കോവിഡിന്റെ സമയത്തായിരുന്നു ഷൂട്ടിംഗ്. അതിനാൽ, ആംബുലൻസ് ഒക്കെ തിരക്കായിരുന്നു. കിട്ടാൻ ബുദ്ധിമുട്ട് ആയിരുന്നു. ഒരു ദിവസം 15000 രൂപയൊക്കെയായിരുന്നു അവർ വാടക ചോദിച്ചിരുന്നത്. 13 ദിവസത്തോളം ആ ആംബുലൻസ് ഷോട്ടിന്റെ ആവശ്യത്തിനായി വേണ്ടി വന്നു. ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലൻസ് തന്നത് സേവാഭാരതി ആണ്. സേവാഭാരതി ബ്ലാക്ക് ലിസ്റ്റിൽ ഉള്ള സംഘടന ഒന്നുമല്ലല്ലോ? അങ്ങനെയുള്ളപ്പോൾ അത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? കേരളത്തിൽ ഏതൊരു ദുരന്തമുണ്ടായാലും പോലീസും ഫയർഫോഴ്‌സും കഴിഞ്ഞ് ഞാൻ മുന്നിൽ കണ്ടിട്ടുള്ളത് സേവാഭാരതി ആണ്. അവരെയൊക്കെ ഒഴിച്ച് നിർത്തി എങ്ങനെ സിനിമ ചെയ്യും. നായകൻ ഹിന്ദു ഐഡിയോളജി ഉള്ള ആളാണ് എന്നതാണ് മറ്റൊരു വിവാദം. നായകൻ വിളക്ക് കത്തിക്കുന്നു, വണ്ടിയിൽ ചന്ദനത്തിരി കത്തിക്കുന്നു എന്നൊക്കെ. ശബരിമലയ്ക്ക് പോകുന്നു. ശബരിമലയ്ക്ക് പോകുന്നത് അത്ര വലിയ തെറ്റാണെന്ന് ആണോ ഇവർ പറയുന്നത്. എന്താണ് ആളുകളുടെ കുഴപ്പം?’- സംവിധായകൻ വിഷ്ണു ചോദിക്കുന്നു.

അതേസമയം മേപ്പടിയാൻ വിജയകരമായി പ്രദർശനം തുടരുകയാണ്.
കുടുംബം എന്താണെന്നും ജീവിതം എന്താണെന്നും പ്രാരാബ്ധം എന്താണെന്നും അറിഞ്ഞവർ ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ലെന്നാണ് ചിത്രം കണ്ടിട്ട് ജനങ്ങളുടെ പ്രതികരണം.

മേപ്പടിയാൻ ചിത്രത്തെ പ്രശംസിച്ചെത്തിയ നിരവധി പേരുടെ പോസ്റ്റുകൾ ഉണ്ണി മുകുന്ദനും വിഷ്ണുമോഹനും പങ്കുവെച്ചിട്ടുണ്ട്. അതിൽ തീയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ ഒരു അമ്മയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്.

തന്റെ ജീവിതം പോലെ തോന്നിയെന്നാണ് സിനിമ കണ്ടിറങ്ങിയ അമ്മ പറയുന്നത്. കരഞ്ഞുകൊണ്ടാണ് അവരുടെ പ്രതികരണം. ഇനിയും നല്ല സിനിമകൾ ചെയ്യാൻ ഉണ്ണി മുകുന്ദന് കഴിയട്ടെയെന്നും അവർ ആശംസിക്കുന്നു. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്.

Related Articles

Latest Articles