Tuesday, April 30, 2024
spot_img

വീണ്ടും കർഷക ആത്മഹത്യ; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി; മൂന്ന് വർഷം മുൻപ് മകൻ ആത്മഹത്യ ചെയ്തതും ഇതേ കടബാധ്യത മൂലം

വയനാട്: സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ (Suicide). വയനാട്ടില്‍ കടക്കെണിയിലായ കര്‍ഷകനാണ് ജീവനൊടുക്കിയത്. വടുവന്‍ചാല്‍ ആപ്പാളം വീട്ടിയോട് ഗോപാലന്‍ ചെട്ടിയാണ് (70) ആത്മഹത്യ ചെയ്തത്. വാഴക്കൃഷി നശിച്ചതിനെത്തുടര്‍ന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കടബാധ്യതമൂലം മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകനും ആത്മഹത്യ ചെയ്തിരുന്നു.

പുലർച്ചെ വീടിനു പിന്നിലെ ചാർത്തലിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കുടുംബത്തിലെ കടബാധ്യതകളും, വിഷമതകളും മൂലം ഏറെ നാളായി ഗോപാലൻചെട്ടി മാനസിക പ്രയാസത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

രണ്ട് ഏക്കർ സ്ഥലമാണ് ഗോപാലൻ ചെട്ടിയ്ക്ക് ഉണ്ടായിരുന്നത്. തൊഴിലുറപ്പ് ജോലികളും വാഴക്കൃഷിയും ആയിരുന്നു പ്രധാന ഉപജീവനമാർഗ്ഗം. എന്നാൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത് ഈട് വച്ച് വായ്പ എടുത്തതടക്കം ഗോപാലൻ ചെട്ടിയുടെയും, ഭാര്യ പാർവതിയുടെയും പേരിലായി മൂന്നര ലക്ഷം രൂപയോളം കടമുണ്ട്. രവീന്ദ്രൻ സുനിത എന്നിവർ മക്കളാണ്.

Related Articles

Latest Articles