Sunday, May 5, 2024
spot_img

മിന്നല്‍ മുരളി രണ്ടാം ഭാഗത്തിൽ ഷിബുവും? മറുപടിയുമായി ഗുരു സോമസുന്ദരം

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്. ഇപ്പോൾ മിന്നൽ മുരളി മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഒരുപക്ഷെ നായകനെക്കാളും കൈയ്യടി നേടിയ കഥാപാത്രമാണ് മിന്നല്‍ മുരളിയിലെ പ്രതിനായകനായ ‘ഷിബു’. ഈ കഥാപാത്രത്തെ ഗംഭീരമാക്കിയത് തമിഴ് താരം ഗുരു സോമസുന്ദരമാണ്. ചിത്രം തരംഗം തീര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലുള്ള പ്രധാന ചോദ്യം ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ചാണ്.

അതേസമയം രണ്ടാം ഭാഗം ഉണ്ടാവുമെന്ന് നിര്‍മ്മാതാവും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബേസില്‍ ജോസഫും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ തന്‍റെ കഥാപാത്രമായ ഷിബുവിന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഗുരു സോമസുന്ദരം.

”എല്ലാവരെയുംപോലെ ഞാനും പ്രതീക്ഷിക്കുന്നു, മിന്നല്‍ മുരളിക്ക് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന്. എന്നാൽ അത് സംഭവിക്കുമോ എന്ന് എനിക്കറിയില്ല. രണ്ടാംഭാഗം ഉണ്ടായാല്‍ ഞാന്‍ എന്ത് ചെയ്യും, എന്‍റെ കഥാപാത്രത്തിന്‍റെ റോള്‍ എന്തായിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ട്. അത് സംബന്ധിച്ച് കുറേ ആഗ്രഹങ്ങളുണ്ട്. പക്ഷേ അതെല്ലാം തീരുമാനിക്കേണ്ടത് ബേസില്‍ ജോസഫ് ആണ്. അതിനാല്‍ ഈ ചോദ്യം ദയവായി ബേസിലിനോട് ചോദിക്കൂ”,എന്നാണ് ഗുരു സോമസുന്ദരം വ്യക്തമാക്കിയത്.

അതേസമയം താന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് ഈ തരത്തിലുള്ള ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുരു സോമസുന്ദരം പറഞ്ഞു- “അഭിനയിച്ച സമയത്ത് ബേസില്‍ ജോസഫ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു, എല്ലാവര്‍ക്കും ഇഷ്‍ടമാവുമെന്ന്. കേരളത്തിലുള്ള എല്ലാവരും നിങ്ങളെ ഇഷ്‍ടപ്പെടാന്‍ പോവുകയാണെന്ന്. പക്ഷേ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമുണ്ട്”, ഗുരു പറയുന്നു.

ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10′ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’.

Related Articles

Latest Articles