ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കാണാതെ മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലെന്ന് റിപ്പോർട്ട്. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ശക്തമായി ഇപ്പോഴും തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്ഥയാണ്. ബംഗാൾ തിരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ തീരത്തും മഴ ശക്തമാവാൻ കാരണം.
ഛത്തീസ്‌ഗഡിൽ റായ്പൂർ, ഗരിയാബന്ദ് ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലായിയിരിക്കുകയാണ്. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപ്പൊക്കത്തിലായി. പഞ്ചാബിൽ രാജ്കോട്ട്, ജാംനഗർ, പോർബന്ധർ, വൽസാദ്, ജുനഘട്ട് ജില്ലകളിലെ വിവിധ ഗ്രാമങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേനയടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അതേസമയം ഇന്നലെ പെയ്ത കനത്ത മഴയിൽ ഗുജറാത്തിലെ വിവിധ ജില്ലകളിലെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും മതിലിടിച്ചിലും കാരണം 1400 പേരെ മാറ്റിപാർപ്പിച്ചു.
ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിൽപ്പെട്ട 300 പേരെ ദുരന്തനിവാരണ സേന ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ അമിത് അറോറ അറിയിച്ചു.

