Tuesday, April 30, 2024
spot_img

അച്ചൻകോവിലാർ കരകവിഞ്ഞു; പത്തനംതിട്ടയിലും കനത്ത മഴ; ഉരുൾപൊട്ടലിന് സാധ്യത

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്.

കക്കി ആനത്തോർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. മൂഴിയാർ, മണിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ മണിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. അങ്ങനെയെങ്കിൽ കക്കാട്ട് ആറിലും പമ്പയാറിലും ജലനിരപ്പ് ഉയരും. ഈ നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയിൽ അർധരാത്രി മുതൽ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലർച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.

ഇടുക്കി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സർവീസുകൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.

Related Articles

Latest Articles