Monday, April 29, 2024
spot_img

ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം; ഇസ്ലാമബാദിൽ നിരോധനയജ്ഞ, ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത്‌ ഇമ്രാന്‍

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിടാനിരിക്കെ ഇസ്ലാമബാദിൽ നിരോധനയജ്ഞ പ്രഖ്യാപിച്ചു. ഇസ്ലാമബാദിൽ അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചുകൊണ്ടാണ് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.

പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ഇമ്രാന്‍ ഖാന്‍ നേരെത്തെ തന്നെ ആഹ്വനം ചെയ്തിരുന്നു. പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന സ്ഥിതി നേരിടുന്ന, ഖാന്‍ എല്ലാത്തിനും പിന്നില്‍ വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്നാണ് ആരോപിക്കുന്നത്. ദേശതാത്പര്യത്തിനും ഭാവിക്കുമായാണ് ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തിരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്നു വഴികളാണ് തന്റെ മുന്നിലുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹിരീ-ഇ-ഇന്‍സാഫ് (പി.ടി.ഐ.) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്. 155 അംഗങ്ങളുള്ള പി.ടി.ഐ.യില്‍തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. ഇതില്‍ ചിലര്‍ കൂറുമാറുമെന്ന അഭ്യൂഹം ശക്തമാണ്.

ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ഒക്യു.എം.-പി.), നാല് അംഗങ്ങളുള്ള ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഓരോ അംഗം വീതമുള്ള പി.എം.എല്‍.ക്യു. ജമൂരി വതന്‍ പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമായത്. പി.എം.എല്‍.ക്യു., ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, എം.ക്യു.എം.-പി എന്നിവയുടെ പിന്തുണ നേടാനാണ് ഇമ്രാന്റെ ശ്രമം വിജയിച്ചാല്‍ 12 അംഗങ്ങളുടെ പിന്തുണകൂടിയാവും. 177 പേരുടെ പിന്തുണയോടെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാനുമാവും. എന്നാല്‍, വോട്ടെടുപ്പില്‍ എന്തു നിലപാടെടുക്കുമെന്ന് ഈ പാര്‍ട്ടികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

അതേസമയം, പാകിസ്താന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. 2018-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അത് നാളെ കാണാന്‍ കഴിയുമെന്നും അദ്ദേഹംവ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles