Thursday, May 2, 2024
spot_img

ശിവോഹം 2022: ശിവരാത്രി ആഘോഷത്തിനൊരുങ്ങി ഈശ യോഗ കേന്ദ്രം; പന്ത്രണ്ടു മണിക്കൂർ നീളുന്ന ഭക്തിസാന്ദ്രമായ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം; തത്സമയക്കാഴ്ച തത്വമയി ന്യൂസിൽ | Shivoham 2022

ശിവരാത്രി ആഘോഷത്തിനൊരുങ്ങി ഈശ യോഗ കേന്ദ്രം (Isha Foundation). ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ, ശിവരാത്രിദിനമായ ഇന്ന് വൈകിട്ട് ആറുമണിക്കാരംഭിച്ച് നാളെ രാവിലെ ആറുമണിക്ക് സമാപിക്കും. സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടികൾ ഈശ ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലും, തത്വമയി ന്യൂസ് ഉൾപ്പെടെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലെ എല്ലാ പ്രമുഖ ടെലിവിഷൻ ചാനലുകളിലും മറ്റ് പ്രാദേശികഭാഷകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

യോഗ പാരമ്പര്യത്തിന് ആരംഭം കുറിച്ച ആദി ഗുരുവായ ശിവന്റെ കൃപയെ ആഘോഷിക്കുന്ന മഹാശിവരാത്രി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ഈ രാത്രിയിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ മനുഷ്യൻറെ ഘടനയിൽ ഊർജ്ജത്തിന്റെ ശക്തമായ സ്വാഭാവിക ഉയർച്ചയ്ക്ക് കാരണമാകുന്നു. രാത്രി മുഴുവനും നട്ടെല്ല് നിവർത്തിവച്ചുകൊണ്ട് ഉണർന്ന് ബോധവാന്മാരായി ഇരിക്കുന്നത് ഒരാളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിന് വളരെയധികം ഗുണം ചെയ്യും.

എന്നാൽ ഇത്തവണ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരിപാടി നടക്കുന്നിടത്തേയ്ക്കുള്ള പ്രവേശനത്തിന് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം മുഖ്യമായും പാസ്സ് മുഖേനയായിരിക്കും. ഈശ ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലൂടെ 16 ഭാഷകളിൽ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കും. ഇതുകൂടാതെ, ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ഈ പരിപാടികൾ വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉത്സവം യോഗാ കേന്ദ്രത്തിൽ വന്ന് നേരിട്ട് പങ്കെടുക്കുന്നവർ, സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിനു പുറമെ വൈദ്യപരിശോധന, സാമൂഹികാകലം പാലിക്കൽ, മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗിക്കൽ എന്നിവയും പാലിക്കേണ്ടതുണ്ട്.

ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂതാരാധന തുടക്കം കുറിക്കും. തുടർന്ന്, ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിന്റെ സത്സംഗം, അർദ്ധരാത്രി ധ്യാനങ്ങൾ, അനുപമമായ ആദിയോഗി ദിവ്യദർശനം എന്നിവ ഉണ്ടായിരിക്കും. മഹാശിവരാത്രി ആഘോഷങ്ങളുടെ മറ്റ് പ്രമുഖമായവ ഗംഭീരമായ സംഗീത, നൃത്ത പരിപാടികളായിരിക്കും. പാപോൺ, മാസ്റ്റർ സലീം, ഹൻസ്‌രാജ് രഘുവംശി, സീൻ റോൾഡൻ, മംഗ്ലീ തുടങ്ങിയ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മഹാകലാകാരന്മാർ അവരുടെ അനന്യവും വ്യത്യസ്തവുമായ സംഗീതങ്ങൾ പ്രേക്ഷകര്‍ക്ക് കാഴ്ചവെയ്ക്കും. ഈശയുടെ സ്വന്തം സംഗീത വിഭാഗമായ സൗണ്ട്സ് ഓഫ് ഈശയുടെ സംഗീതവും ഈശ സംസ്കൃതിയുടെ നൃത്തൃങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 11-12, 2021-ൽ നടന്ന ഈശയുടെ മഹാശിവരാത്രി പരിപാടികൾ ഓൺലൈനിൽ കണ്ടവരുടെ എണ്ണം ആ വർഷം മാർച്ച് 14ന് ഗ്രാമി അവാർഡ് സംപ്രേക്ഷണം കണ്ടവരേക്കാൾ 50% കൂടുതലായിരുന്നു. പ്രസ്തുത ആഴ്ചയിൽ ലോകമെമ്പാടും നടന്ന തത്സമയ പരിപാടികളിൽ ആദ്യത്തെ അമ്പതെണ്ണത്തിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സംപ്രേക്ഷണം ഈശയുടെ മഹാശിവരാത്രി ആഘോഷമായിരുന്നു. നൂറ്റിമുപ്പത് രാജ്യങ്ങളിലെ ജനങ്ങൾ വീക്ഷിച്ചുകൊണ്ട്, ഈ പരിപാടി, ആഗോളതലത്തിൽ മാർച്ച് 2021-ലെ ഏറ്റവും വലിയ ആഘോഷമായി തീരുകയും ചെയ്തു.

രുദ്രാക്ഷ ദീക്ഷ

രുദ്രാക്ഷം എന്ന പദത്തിന്റെ അർത്ഥം ശിവന്റെ കണ്ണുനീർ എന്നാണ്. മഹാശിവരാത്രി പരിപാടികളിൽ നേരിട്ടോ, ഓൺലൈനിൽ തത്സമയമായോ പങ്കെടുക്കുന്ന എല്ലാവർക്കും മഹാശിവരാത്രിയ്ക്ക് സദ്ഗുരു പവിത്രീകരിച്ച രുദ്രാക്ഷം ലഭിക്കാനുള്ള അവസരമുണ്ടായിരിക്കും. ആദിയോഗിയുടെ കൃപ നേടാനുള്ള ശക്തമായ ഒരു ഉപകരണമായിരിക്കും ഈ രുദ്രാക്ഷം. അമ്പത് ലക്ഷത്തിലേറെ പവിത്രീകരിച്ച രുദ്രാക്ഷ മണികൾ ഭാരതത്തിലെമ്പാടും സൗജന്യമായി വിതരണം ചെയ്യാനായി തയ്യാറായിക്കൊണ്ടിരിക്കുന്നു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉജ്ജ്വലമായ ആത്മീയ-സാംസ്കാരിക സമന്വയം

ഈ വർഷത്തെ മഹാശിവരാത്രി കൂടുതൽ വിശേഷപ്പെട്ടതായിരിക്കും, കാരണം മാർച്ച് 1 രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ശേഷം അടുത്ത ഒരാഴ്ച, മാർച്ച് 8 വരെ, ആത്മീയ-സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. അഗാധമായ ആത്മീയ സാധനകൾക്ക് ആളുകളെ പ്രാപ്തരാക്കുന്ന ഓൺലൈൻ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഈശയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്ന ശിവഭക്തിമന്ത്രജപം, ലളിതവും ശക്തവുമായ ഉപ-യോഗ, മൂന്നു ദിനം നീണ്ടുനിൽക്കുന്ന (2-4 മാർച്ച്) യക്ഷ എന്ന നൃത്ത, സംഗീത പരിപാടികൾ, തുടങ്ങിയവ ഭക്തന്മാർക്ക് ക്ഷേമത്തിന്റെ ആഴത്തിലുള്ള മാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വിവിധ വഴികളായിരിക്കും.

മഹാ അന്നദാനം

സന്ദർശകർക്കെല്ലാം ഭക്ഷണം അർപ്പിക്കുന്നത് ഈ ആഘോഷത്തിന്റെ സമഗ്രമായ ഒരു ഭാഗമാണ്. ശിവരാത്രിയ്ക്കും തുടർന്നുള്ള ഏഴ് രാത്രികളിലും പതിനായിരക്കണക്കിന് സന്ദർശകർക്ക് വേണ്ടിയുള്ള ഭക്ഷണം നൂറുകണക്കിന് സന്നദ്ധ സേവകർ പാചകം ചെയ്തു വിതരണം ചെയ്യും.

Related Articles

Latest Articles