Wednesday, May 8, 2024
spot_img

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഇന്ന് 63-ാം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഇന്ന് 63-ാം പിറന്നാള്‍ (Kapil Dev Birthday). ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകനാണ് കപില്‍ ദേവ്. 1959 ജനുവരി ആറിന് ചണ്ഡിഗഡിലാണ് ജനനം. പത്തൊന്‍പതാം വയസില്‍ ഇന്ത്യന്‍ ടീമിന്‍ അരങ്ങേറിയ കപിലിന് കീഴിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായത്. ക്രിക്കറ്റ് അതികായരായ വെസ്റ്റ് ഇന്‍ഡീസിനെ 1983ല്‍ തറപറ്റിച്ചായിരുന്നു കപിലിന്‍റെയും സംഘത്തിന്‍റെയും നേട്ടം. ലോകകപ്പില്‍ സിംബാബ്‍വേയ്ക്കെതിരെ നേടിയ 175 റണ്‍സ് ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ്.

131 ടെസ്റ്റില്‍ 434 വിക്കറ്റും 5248 റണ്‍സും 225 ഏകദിനത്തില്‍ 253 വിക്കറ്റും 3783 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് വിസ്ഡന്‍ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. 1978-79ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലൂടെയാണ് കപില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്ബരയിലെ മൂന്നാം ടെസ്റ്റില്‍ തന്റെ ആദ്യ അര്‍ധശതകം തികച്ച കപില്‍ പറത്തിയ മൂന്നു പടുകൂറ്റന്‍ സിക്സറുകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകര്‍പ്പനടികളുടെ തുടക്കമായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പാകിസ്താന്റെ ഇന്ത്യന്‍ പര്യടനവേളയില്‍ പരമ്ബരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സീസണില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്ബരയില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ പരമ്ബരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റത്ത് കപില്‍ നടത്തിയ ചെറുത്തു നില്പ് ബാറ്റ്സാ‍മാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച വിളിച്ചോതുന്നതായിരുന്നു.

1981-82ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാന്‍ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപില്‍ തന്റെ കടമ നിര്‍വഹിച്ചത്. 2008 സെപ്തംബറില്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ ആയി കപില്‍ ദേവിന് സ്ഥാനം നല്‍കി. പഞ്ചാബ് റജിമെണ്ടിലെ 150 ഇന്‍ഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും. സ്വന്തം ജോലി നിലനിര്‍ത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാന്‍ പൗരന്മാര്‍ക്കുള്ള സംവിധാനമാണ് ടെറിട്ടോറിയല്‍ ആര്‍മി. 1979-80 – അര്‍ജുന അവാര്‍ഡ്, 1982 – പത്മശ്രീ, 1983 – വിസ് ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, 1991 – പത്മഭൂഷണ്‍, 2002 – വിസ് ഡന്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

Related Articles

Latest Articles