Friday, April 26, 2024
spot_img

കരുവന്നൂരിൽ പണം ശേഖരിച്ചത് തേക്കടിയിലെ റിസോര്‍ട്ടിന് വേണ്ടി; സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾക്കുൾപ്പെടെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ബിജെപി

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‍പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്. ഇപ്പോഴിതാ മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തുവന്നിരിക്കുകയാണ്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മീഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മീഷന്‍ കൈപ്പറ്റിയാണെന്നത് വ്യക്തമാണ്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.

അതേസമയം സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ബിജു കരീം എന്നും ഇത് മുതലെടുത്താണ് തിരിമറികള്‍ നടന്നതെന്നും ആരോപണങ്ങളുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി പേരില്‍ സിപിഎം നേതാക്കള്‍ പണം തട്ടിയെടുത്തതായും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ബിജെപി ശക്തമായി ആവശ്യപ്പെട്ടു.

2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുന്‍പ് കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

അതേസമയം ഇന്നലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം . ടി എം മുകുന്ദന്‍ ആത്മഹത്യ ചെയ്തു. കള്ള ലോണ്‍ കൊടുക്കലില്‍ ബാങ്ക് വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ലോണ്‍ എടുത്തവര്‍ക്കെല്ലാം ജപ്തി നോട്ടീസ് ബാങ്ക് അയച്ചു തുടങ്ങി. ഇതോടെയാണ് താനും തട്ടിപ്പിന്റെ ഇരയാണെന്ന് മുകുന്ദന്‍ മനസ്സിലാക്കിയത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ഇത്രയേറെ ലോണ്‍ എടുത്തുവെന്ന് മുകുന്ദനും അറിഞ്ഞിരുന്നില്ല. ബാങ്കിലെ തട്ടിപ്പുകള്‍ മനസ്സിലാക്കിയാണ് ആത്മഹത്യ. സിപിഎം നേതാവായിരുന്നു മുകുന്ദനും.

100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാരാണ് കണ്ടെത്തിയത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles