Thursday, May 9, 2024
spot_img

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ സർക്കാർ: തുറന്നാൽ വൻദുരന്തമായിരിക്കും സംഭവിക്കുകയെന്ന് കരാർ കമ്പനി

തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതുസംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുക. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തുരങ്കപാതയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്തിമ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുരങ്കം തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. തുരങ്കപാതയിലെ ഫയര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഫയര്‍ ഓഫീസര്‍ അറിയിച്ചു. ഓരോ 50 മീറ്റര്‍ ഇടവിട്ട് തുരങ്ക പാതയില്‍ ഫയര്‍ ഹൈഡ്രന്റ് പോയിന്റുകള്‍ സ്ഥാപിച്ചു. ഒരു ഡീസല്‍ പമ്പും രണ്ട് ഇലക്ട്രിക്കല്‍ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്പ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.

എന്നാൽ കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്നും കമ്പനി വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദൻ ആരോപിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കപാത തുറന്ന് നൽകുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles