Sunday, May 5, 2024
spot_img

ഇനി ത്രിഡിയിൽ?: മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം ഉടൻ പ്രഖ്യാപിക്കും: സോഫിയ പോൾ പറയുന്നു

നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. മാത്രമല്ല മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’ സിനിമപ്രേമികളുടെ മനം കവരുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. രണ്ടാം ഭാ​ഗം കുറച്ചുകൂടി വലിയ ചിത്രമായിരിക്കുമെന്നും ത്രിഡി ആവാൻ സാധ്യതയുണ്ടെന്നുമാണ് ദി ഫെഡറലിനു നൽകിയ അഭിമുഖത്തിൽ സോഫിയ പോൾ പറഞ്ഞത്.

” എന്താണ് മുന്നിലുള്ളതെന്ന് പറയാൻ ഇത് അല്പം നേരത്തെയാണ്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ബേസിൽ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്.

പ്രേക്ഷകർ ഞങ്ങൾക്ക് നൽകിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തിൽ എത്തിക്കാനുള്ള ലൈസൻസാണ്. മിന്നൽ മുരളി ത്രിമാന രൂപത്തിൽ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.” സോഫിയ പോൾ പറഞ്ഞു.”

ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്.

ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10′ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’.

Related Articles

Latest Articles