Sunday, May 26, 2024
spot_img

മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവം; ഹാർഡ് ഡിസ്കിനായി തിരച്ചിൽ ഊർജിതമാക്കി

കൊച്ചി: മിസ് കേരള ഉൾപ്പെടെ മരിച്ച 3 പേർ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്കിനെയുള്ള തിരച്ചിൽ ഊർജ്ജിച്ചമാക്കി. ഇന്നലെ പകൽ മുഴുവൻ സ്കൂബ ഡൈവേഴ്സിനെ ഉപയോഗിച്ച് കായലിൽ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇന്നലെ വീണ്ടും അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുൾ റഹ്മാന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ അയാളുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതൽ പരിശോധിക്കും. ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തും. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിച്ചു വരുത്താനാണ് തീരുമാനം

സംഭവങ്ങൾ അരങ്ങേറിയ നമ്പർ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഹാർഡ് ഡിസ്ക് കണ്ടെത്താനായി കായലിൽ തിരച്ചില്‍ നടത്തിയത്. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവരുമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. ഫയര്‍ ആന്‍റ് റസ്ക്യൂ സർവ്വീസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഹോട്ടലുടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കും ഊരി മാറ്റി, ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്‍റെ നിർദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്‍റെയും മെല്‍വിന്‍റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും ആരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles