Thursday, May 2, 2024
spot_img

തിരനോട്ടം മുതൽ വില്ലൻ വരെ ആ ഗന്ധർവസംഗീതം: യേശുദാസിന് ​ഗാനാഞ്ജലിയുമായി മോഹൻലാൽ

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് പിന്നണി ഗാനരംഗത്ത് ഇന്ന് 60 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് ആദരമർപ്പിച്ച് എത്തിയിരിക്കുകയാണ് നടന വിസ്‌മയം മോഹൻലാൽ. യേശുദാസ് പാടിയ തന്റെ പ്രിയഗാനങ്ങൾ കൊണ്ടുള്ള ഗാനാഞ്ജലിയാണ് മോഹൻലാൽ സമർപ്പിച്ചിരിക്കുന്നത്. ‘കാൽപ്പാടുകൾ’ എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.

തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ പ്രിയപ്പെട്ട ഗാനങ്ങൾ ഓർത്തുകൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് നടൻ എന്ന നിലയിലുള്ള എന്റെ രംഗപ്രവേശം. ആ ചിത്രത്തിലെ എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം എന്ന് പറഞ്ഞാണ് മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ആലപിച്ചത്. പിന്നീട് പ്രിയപ്പെട്ട ഓരോ ഗാനങ്ങളും ഓർത്ത് പാടികൊണ്ടാണ് വീഡിയോ. നടനായി സിനിമയിൽ ചുവടുറപ്പിക്കുന്ന ഘട്ടത്തിൽ യേശുദാസിന്റെ സാന്നിധ്യം ഏറെ സ്വാധീനിച്ചതായും മോഹൻലാൽ പറയുന്നുണ്ട്. കൂടാതെ യേശുദാസ് തന്റെ മാനസഗുരു ആണെന്നും അതിന്റെ കാരണവും മോഹൻലാൽ പറയുന്നുണ്ട്. സംഗീതം എന്നാൽ യേശുദാസ് തന്നെയാണെന്നും തന്റെ പ്രിയപ്പെട്ട ഗായകന് പ്രണാമമർപ്പിച്ച് മോഹൻലാൽ പറഞ്ഞു.

അതേസമയം സിനിമയിൽ എത്തുന്നതിനു മുന്നേ യേശുദാസിന്റെ ആരാധകൻ ആയിരുന്നു. അദ്ദേഹത്തിന്റെ കച്ചേരികളുടെ കാസറ്റുകൾ ഞാൻ രഹസ്യമായി കണ്ടു, അത് അദ്ദേഹത്തെ പോലെ പാടാനോ അനുകരിക്കാനോ അല്ല. അതുകൊണ്ട് തന്നെ ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് ഗുണം ചെയ്തുവെന്നും മോഹൻലാൽ പറയുന്നു. അത് നന്നായെന്ന് ആളുകൾ പറയുന്നതിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ആയിരം കൊല്ലങ്ങൾ കഴിഞ്ഞാലും ആ നാദം ഈ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും…” മോഹൻലാൽ പറയുന്നു.

Related Articles

Latest Articles