Monday, May 6, 2024
spot_img

കാലത്തിനുമുമ്പേ നടന്ന കര്‍മയോഗി; ഇന്ന് സ്വാമി സത്യാനന്ദ സരസ്വതി സമാധി ദിനം

ഇന്ന് സ്വാമി സത്യാനന്ദ സരസ്വതി (Swami Satyananda Saraswati) സമാധി ദിനം. ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖധ്വനി മുഴക്കിയ ആ കര്‍മയോഗിയെന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. നിരീശ്വരവാദവും ഹൈന്ദവവിരുദ്ധതയും മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മതപരിവര്‍ത്തനവും ഹിന്ദു വിരുദ്ധ പ്രചാരണവും ജീവിതചര്യയാക്കിയ ഏകദൈവവിശ്വാസികളും ചേര്‍ന്ന് ഹിന്ദു സമൂഹത്തിന്റെ സ്വത്വത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലാണ് സ്വാമികളുടെ ശബ്ദം കൊടുങ്കാറ്റുപോലെ കേരളത്തിന്റെ ഹൃദയഭൂമിയെ ഇളക്കിമറിച്ചത്.

Swami Satyananda Saraswati
Swami Satyananda Saraswati

ഹൈന്ദവ നവോത്ഥാനം ഉജ്ജ്വലിപ്പിച്ച നിലയ്ക്കൽ പ്രക്ഷോഭം, കൊട്ടിയൂർ വനഭൂമി കയ്യേറിയും മറ്റ് ഇടങ്ങളിലേയും കുരിശ് കൃഷിക്കെതിരെ സ്വീകരിച്ചു അതിശക്തമായ പോരാട്ട നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ശിവഗിരി മഠം കൈക്കലാക്കാൻ അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ ഒത്താശയോടെ നടന്ന രാഷ്ട്രീയ കുത്സിത ശ്രമങ്ങൾ തകർത്ത് തരിപ്പണമാക്കിയതും സ്വാമിയായിരുന്നു. മതപരിവർത്തനത്തിന് എതിരെ ഉദ്ധരണികൾ ഉദാഹരണമാക്കി നടത്തിയ അതിഗംഭീരൻ പ്രഭാഷണങ്ങൾ അതും സാധാരണക്കാരന്റെ ഭാഷയിൽ. അത് കേട്ടാൽ എതിരാളികളുടെ തൊലി ഉരിഞ്ഞു പോകുന്ന തരത്തിലായിരുന്നു സ്വാമിയുടെ പ്രഭാഷണങ്ങൾ.

ആലസ്യത്തിലാണ്ടുപോയ ഹൈന്ദവ സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു സ്വാമിയുടെ വാക്കുകള്‍. അത് കൊള്ളേണ്ടിടത്ത് കൊണ്ടു, മുറിവേല്‍പ്പിക്കേണ്ടിടത്ത് മുറിവേറ്റു. ഭൗതികമായി സമസ്ത മേഖലകളിലും കേരളത്തിലെ ഹിന്ദുസമൂഹം പിന്നോട്ടുപോവുകയാണെന്നും ആ നില തുടര്‍ന്നാല്‍ അനതിവിദൂരഭാവിയില്‍ തന്നെ അവര്‍ വെള്ളംകോരികളും വിറകുവെട്ടികളുമായും മാറുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമൂഹം പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത അദ്ദേഹം പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ ഹൈന്ദവ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കല്ലായി. ദാര്‍ശനികനായ സ്വാമിജിയെ വിലയിരുത്തേണ്ടത് അവിടെയാണ്.
ഗുരുകടാക്ഷത്തിന്റെ അപൂര്‍വധന്യത ആവോളം ഏറ്റുവാങ്ങിയ സ്വാമി തന്റേതായതെല്ലാം ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഒരേ സമയം ജ്ഞാനയോഗിയും കര്‍മയോഗിയുമായ ഒരു സംന്യാസി ശ്രേഷ്ഠനായിരുന്നു സത്യാനന്ദ സരസ്വതി.

അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ പകുതിയിലേറെയും കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുസമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള അവിശ്രമമായ കര്‍മതപസായിരുന്നു. ഹൈന്ദവ സമൂഹത്തിനുവേണ്ടി അദ്ദേഹം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പലതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുബാങ്ക് എന്ന അദ്ദേഹത്തിന്റെ ആശയം പിന്നീട് മറ്റ് പലരും അവരുടെ മതംചേര്‍ത്ത് പ്രയോഗിക്കുന്ന കാഴ്ചയ്ക്ക് വര്‍ത്തമാനകാലത്ത് നാം സാക്ഷ്യംവഹിച്ചു. കാലത്തിനുമുന്‍പേ നടന്ന കര്‍മയോഗിയായിരുന്നു അദ്ദേഹം.

ശ്രീരാമോപാസനയിലൂടെ ആത്മാരാമനായി മാറിയ ശ്രീ നീലകണ്ഠഗുരുപാദരാണ് സ്വാമിജിയുടെ ഗുരു. സമാനതകളില്ലാത്ത ഗുരു ശിഷ്യബന്ധത്തിന്റെ എത്രയോ രോമാഞ്ചമണിയിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ‘പാദപൂജ’ എന്ന കൃതിയിലൂടെ സ്വാമിജി പങ്കുവയ്ക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ അന്വേഷണത്തിന് വഴിമുട്ടുമ്പോള്‍ അവിടെ വഴിവിളക്കായി പ്രകാശിക്കുന്നത് ഉപനിഷത് ദര്‍ശനങ്ങളാണ്. ഇക്കാര്യമാണ് സ്വാമിജി പരോക്ഷമായി തന്റെ പല കൃതികളിലും പറഞ്ഞുവച്ചത്.

Related Articles

Latest Articles