Monday, April 29, 2024
spot_img

‘മേപ്പടിയാൻ’ സംവിധായകൻ വിഷ്‌ണു മോഹന് തിരുവനന്തപുരം തപസ്യ കലാസാഹിത്യവേദിയുടെ ആദരവ്; പരിപാടി സെപ്റ്റംബർ 27ന് വൈകുന്നേരം പ്രസ് ക്ലബ് ഹാളിൽ

തിരുവനതപുരം: ‘മേപ്പടിയാൻ’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ വിഷ്‌ണു മോഹന് തിരുവനന്തപുരം തപസ്യ കലാസാഹിത്യവേദിയുടെ ആദരവ്. സെപ്റ്റംബർ 27 വൈകുന്നേരം 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാൻ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നടൻ ഉണ്ണി മുകുന്ദനായിരുന്നു ചിത്രം നിർമ്മിച്ചത്.

താഷ്ക്കൻഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ(Tashkent International Film Festival) ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയും മേപ്പടിയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളക്കമാർന്ന അംഗീകാരവും സിനിമയെ തേടിയെത്തി. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ ‘മേപ്പടിയാൻ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു. ദുബായ് എക്‌സ്‌പോ 2020-ൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ‘ഇന്ത്യ പവലിയനിൽ’ അതിഥികൾക്ക് മുന്നിലായിരുന്നു ‘മേപ്പടിയാൻ’ പ്രദർശനം. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം കൂടിയായിരുന്നു മേപ്പടിയാൻ.

Related Articles

Latest Articles