Tuesday, May 7, 2024
spot_img

തെളിവ് രണ്ടിടങ്ങളിൽ നിന്നും ലഭിച്ചു; പരിശോധന ഇനിയും നടത്താനുണ്ടെന്ന് പൊലീസ്, വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നീക്കം

കൊച്ചി: ബലാത്സംഗ ആരോപണം നേരിട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു. പരിശോധന നടത്തിയ രണ്ടിടങ്ങളില്‍ നിന്നും ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധന നടത്തിയ ഇടങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോപണ വിധേയന്‍ എങ്ങനെയാണ് നടിയെ ചൂഷണം ചെയ്തത് എന്നതും വ്യക്തമായിട്ടുണ്ട്. കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടല്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം. തിരിച്ചു വന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും ആലോചനയുണ്ട്.

അതേസമയം, താന്‍ ദുബായിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്നും വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles