enna thaan case kodu
enna thaan case kodu

എറണാകുളം: ആദ്യ ദിവസം തന്നെ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് കുഞ്ചാക്കോബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമക്ക് ലഭിച്ചത്. എന്നാൽ, സിനിമയ്ക്ക് സൈബർ സഖാക്കളിൽ നിന്നും വിമർശനവും ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ, ഈ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോബോബൻ. ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല സിനിമ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല കാര്യങ്ങളിൽ എന്താണ് മോശം എന്ന് കണ്ടെത്താനാണ് ഇന്നത്തെ സമൂഹം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയിൽ പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ടശേഷം അതിനോട് പ്രതികരിക്കുക എന്നത് ആവശ്യമുള്ള കാര്യമാണ്. എന്നാൽ അതിലുപരി മറ്റൊരു തരത്തിൽ ചിന്തിച്ച് മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. സിനിമയിൽ കുഴി മാത്രമല്ല പ്രശ്‌നം. മറ്റ് പലതും പരാമർശിക്കുന്നുണ്ട്. കുഴി എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് തമാശ രൂപേണ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സമൂഹത്തിൽ മാന്യനായി ജീവിക്കാൻ ശ്രമിക്കുന്ന കള്ളന്റെ ജീവിതം എങ്ങനെയാണ് കുഴി മാറ്റി മറയ്‌ക്കുന്നത് എന്നാണ് ചിത്രത്തിന്റെ പ്രമേയം. ഏത് പാർട്ടി ഭരിച്ചാലും സാധാരണക്കാരൻ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഇതെല്ലാം അധികാരികളുടെ മുന്നിൽ എത്തിക്കാനുള്ള ശ്രമവും സിനിമ നടത്തുന്നുണ്ട്.

വർഷങ്ങളായി ഒരോരോ പ്രശ്‌നങ്ങൾ നാം അനുഭവിച്ചുവരികയാണ്. സംസ്ഥാനത്ത് വകുപ്പുകൾ തമ്മിൽ സഹകരണമില്ല. ഇത് നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തെ സാരമായി ബാധിക്കുന്നുണ്ട്. പരസ്യം കണ്ടപ്പോൾ താൻ ചിരിച്ചു. സിനിമയുടെ ആശയം വർഷങ്ങൾക്ക് മുൻപ് ഉരുത്തിരിഞ്ഞതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.