Wednesday, April 24, 2024
spot_img

തഖിയയിൽ വീണ ദളിത് നേതാവ് ജോഗേന്ദ്ര നാഥ് മണ്ഡൽ | സി പി കുട്ടനാടൻ | മിലൻ കാ ഇതിഹാസ്, പരമ്പര – 18

അംബേദ്കറെ കുറിച്ച് കഴിഞ്ഞ രണ്ടു ലക്കങ്ങളായി നാം അറിഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ചേർത്തുവയ്ക്കപ്പെടേണ്ട മറ്റൊരു വ്യക്തിത്വമുണ്ട്. അദ്ദേഹമാണ് ജോഗേന്ദ്രനാഥ് മണ്ഡൽ എന്ന ദളിത് നേതാവ്. ഇസ്ലാമിക വാദത്തെ മഹത്വപ്പെടുത്തുന്ന ഒരു ദളിത് വാദി പോലും ഇദ്ദേഹത്തെപ്പറ്റി പറയില്ല. അവർക്ക് അംനീഷ്യ ബാധിയ്ക്കും. അതുപോലെ തന്നെ ഹിന്ദുക്കളെ പഴയ ജാതി വ്യവസ്ഥ ഓർമിപ്പിയ്ക്കുവാൻ നിരന്തരം പരിശ്രമിയ്ക്കുന്ന ഇസ്ലാമിക വാദിയും ഇക്കാര്യം പറയില്ല. അതിനാൽ തത്വമയി ന്യൂസിലൂടെ ഇക്കാര്യം പറയുകയാണ്.

അംബേദ്കർക്ക് സമകാലീനനായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡൽ പാകിസ്താൻ്റെ പ്രഥമ നിയമ മന്ത്രിയായിരുന്നു. ദളിതനായ ഭീംറാവ് അംബേദ്‌കർ ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി. അത്തരുണത്തിൽ നോക്കുമ്പോൾ സായിപ്പന്മാരിൽ നിന്നും സ്വതന്ത്രമായ ഭാരത ഭൂമിയുടെ വിഭജിയ്ക്കപ്പെട്ട രണ്ടു ഭൂവിഭാഗങ്ങളിലും നിയമം കൈകാര്യം ചെയ്തത് ദളിതർ ആണെന്ന് കാണാം. ഇനി ജോഗേന്ദ്രനാഥ് മണ്ഡലിൻ്റെ ചരിത്രത്തിലേക്ക് കടക്കാം.

1904 ജനുവരി 29ന് അവിഭക്ത ഭാരതത്തിലെ ബംഗാളിൽ ഹിന്ദു ജാതി വിഭാഗമായ നാമശൂദ്ര സമുദായത്തിൽ ജനിച്ച വ്യക്തിയായിരുന്നു ജോഗേന്ദ്രനാഥ് മണ്ഡൽ. ഹിന്ദുക്കളുടെ ജാതി ഭ്രാന്ത് കൊടികുത്തി വാണിരുന്ന അക്കാലത്തെ സാമൂഹിക വ്യവസ്ഥയുടെ ഇരയായിരുന്നു ഇദ്ദേഹം. പഠനത്തിൽ വളരെ ഉത്സാഹിയായിരുന്ന മണ്ഡൽ 1929ൽ ബിരുദം നേടി. ശേഷം ലോ കോളേജിൽ പ്രവേശനം നേടി. 1934ൽ നിയമ ബിരുദം പൂർത്തിയാക്കിയ ജോഗേന്ദ്ര നാഥ് മണ്ഡൽ വക്കീലായി പ്രാക്ടീസ് ചെയ്യുവാൻ തയ്യാറായില്ല. പകരം, തൻ്റെ പട്ടികജാതി സമൂഹത്തെ അന്യായമായി അടിച്ചമർത്തുന്ന സാമൂഹിക ഘടനയ്‌ക്കെതിരെ പോരാടാൻ അംബേദ്കറെ പോലെ തന്നെ മണ്ഡലും രംഗത്തിറങ്ങി. തൻ്റെ ജീവിതം മുഴുവൻ അടിച്ചമർത്തപ്പെട്ടവരുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള പുരോഗതിക്കായി സമർപ്പിക്കാൻ ജോഗേന്ദ്രനാഥ് തീരുമാനിച്ചു. അംബേദ്കറെ പോലെ തന്നെ ആത്മാർത്ഥമായിട്ടായിരുന്നു ഇദ്ദേഹവും ഈ പ്രവർത്തനങ്ങൾ ചെയ്തത്.

ഈ സാമൂഹിക അവസ്ഥയിൽ നിന്നും തൻ്റെ സമുദായത്തിൻ്റെ രക്ഷയ്ക്കുള്ള വഴി എന്താണെന്ന് ചിന്തിച്ചു വശായ കാലഘട്ടത്തിലാണ് ഇസ്ലാം മതമാണ് അതിനുള്ള പരിഹാരം എന്ന ആലോചന അദ്ദേഹത്തിൽ എത്തുന്നത്. കാരണം സുഹൃദ് വലയങ്ങളുടെ സ്വാധീനമായിരുന്നു. മുസ്ലീങ്ങളായ കൂട്ടുകാരുടെ ഡയലോഗുകളിൽ ആത്മാർത്ഥതയുണ്ടെന്ന് അദ്ദേഹത്തിന് തോന്നലുണ്ടായി. കാരണം അവരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളെ അന്നത്തെ സാമൂഹിക സാഹചര്യവുമായി തട്ടിച്ചു നോക്കിയപ്പോൾ നിരവധി സാമാന്യതകൾ മണ്ഡൽ കണ്ടെത്തി. അതെന്തെന്നാൽ ഹിന്ദുക്കൾക്കിടയിലാണ് ജാതി ഉള്ളത്. മനുസ്മൃതിയടക്കമുള്ള ഗ്രന്ഥങ്ങളിൽ ചാതുർവർണ്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാലാണ് സവർണ വരേണ്യ വിഭാഗങ്ങൾക്ക് ഹിന്ദു സാമൂഹിക വ്യവസ്ഥിതിയിൽ മേൽക്കൈ ഉണ്ടാകുന്നത്. ഈ ഹിന്ദു സാമൂഹിക വ്യവസ്ഥിതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇതൊരു തുടർക്കഥയാകും. അതിനാൽ ഇസ്ലാമിക ആധിപത്യ പ്രദേശങ്ങളാണ് ദളിത വിഭാഗങ്ങൾക്ക് നല്ലത്. അവർ ജാതീയമായ അടിച്ചമർത്തൽ നടത്തുകയില്ല. ഇസ്ലാം മതത്തിൽ ചേരുന്നതും ഇതിനൊരു പരിഹാരമാണ്.

ഇങ്ങനൊക്കെ കാടുകയറി ചിന്തിച്ചു കൂട്ടുവാൻ തുടങ്ങിയ മണ്ഡലിന് രാഷ്ട്രീയമായ താത്പര്യങ്ങൾ വർദ്ധിച്ചു. അതിനായി 1937ലെ ഇന്ത്യൻ പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പിൽ ബംഗാൾ നിയമസഭയിലെ ബഖർഗഞ്ച് നോർത്ത് ഈസ്റ്റ് റൂറൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ശേഷം 1940ൽ ഇദ്ദേഹം ആൾ ഇന്ത്യാ മുസ്ലിം ലീഗുമായി സഹകരിച്ച് മുഖ്യമന്ത്രി ഹുസൈൻ ഷഹീദ് സുഹ്രവർദ്ദിയുടെ മന്ത്രിസഭയിൽ മന്ത്രിയായി. സമാന മനസ്ഥിതി പുലർത്തിയിരുന്ന ബി.ആർ. അംബേദ്കറിനൊപ്പം ചേർന്ന് ദളിതർക്ക് രാഷ്ട്രീയ അധികാരം ലഭിയ്ക്കണം എന്ന കാഴ്ചപ്പാടോടെ 1942ൽ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന് രൂപം നൽകി പ്രചാരണം നടത്തി.

ഇതേ കാലയളവിൽ ക്യാബിനറ്റ് മിഷൻ വാഗ്ദാനങ്ങളായിരുന്ന പൊതു തിരഞ്ഞെടുപ്പും ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പും നടപ്പാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിയ്ക്കുകയും. തുടർന്ന് 1945 ഡിസംബറിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. (ഈ തിരഞ്ഞെടുപ്പ് വിശേഷം പറയുവാൻ ഒരുപാടുണ്ട്. ഇപ്പോൾ അതിലേയ്ക്ക് കടക്കുന്നില്ല). പാകിസ്ഥാൻ ഡിമാൻഡ് മുന്നോട്ടു വച്ചുകൊണ്ട് മുസ്ലിം ലീഗ് നടത്തിയ പ്രചാരണത്തിൽ ഇസ്ലാമിക മേഖലകളിൽ ലീഗിന് വൻ വിജയം നേടിക്കൊടുത്തു. അന്ന് ജോഗേന്ദ്രനാഥ് മണ്ഡൽ മുസ്‌ലിം ലീഗിന് വേണ്ടി പ്രവർത്തിച്ചു. ഈ പ്രൊവിൻഷ്യൽ അസംബ്ലികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് പിന്നീട് ഭരണഘടനാ അസംബ്ലിയിലെത്തുക. ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാനാർത്ഥിയായി ബോംബെ പ്രൊവിൻസിൽ മത്സരിച്ച അംബേദ്‌കർ തോറ്റുപോയി. അങ്ങനെ ഭരണഘടനാ അസംബ്ലിയിൽ എത്തുവാനുള്ള വഴി അദ്ദേഹത്തിന് മുമ്പാകെ അടഞ്ഞപ്പോൾ ജോഗേന്ദ്രനാഥ് മണ്ഡൽ മുഹമ്മദലി ജിന്നയെക്കണ്ട് കാര്യം പറഞ്ഞു. ശേഷം 1946 ജൂൺ മാസത്തിൽ നടന്ന ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ പിന്തുണയോടെ അംബേദ്‌കർ വിജയിച്ചു.

ഇത് കണ്ട ജോഗേന്ദ്രനാഥ് മണ്ഡൽ മുസ്ലീങ്ങളെ ശക്തമായി വിശ്വസിച്ചു. മുസ്ലീങ്ങൾ മാത്രമേ ദളിതർക്ക് രക്ഷകരായുള്ളൂ എന്ന് അദ്ദേഹം ആത്മാർത്ഥമായി അംഗീകരിച്ചു. ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ സീറ്റുകളിലും കോൺഗ്രസ്സ് ജയിച്ചതോടെ ശരീഅത്ത് സ്വാധീനത്തിലുള്ള ഭരണഘടന ഇന്ത്യയിൽ നിർമ്മിക്കാം എന്ന ലീഗിൻ്റെ അജണ്ട പരാജയം രുചിക്കുമെന്നായി. ഉടൻ തന്നെ കാബിനറ്റ് മിഷൻ പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് മുസ്ലിം ലീഗ് മുൻധാരണകളെ അട്ടിമറിച്ചു. “ഹൈന്ദവ ഭൂരിപക്ഷമുള്ള ഹിന്ദുസ്ഥാന്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍” എന്നിങ്ങനെ ഭാരത വിഭജനത്തിനുള്ള സമ്മര്‍ദ്ദം മുഹമ്മദലി ജിന്ന ആരംഭിച്ചു.

അതിനൊപ്പം തന്നെ വിഭജനത്തെ തുടര്‍ന്ന് ഹൈന്ദവ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലീംങ്ങളുടെ സ്ഥിതി മോശമായിരിക്കും എന്നും ജിന്ന പ്രസംഗിക്കുവാൻ തുടങ്ങി. സമവായ ചർച്ചകൾക്കുള്ള ക്ഷണങ്ങളൊക്കെ നിരസിച്ച ജിന്ന 1946 ജൂലൈല്‍ ഒരു പത്രസമ്മേളനം നടത്തി. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കേണ്ടതിൻ്റെ അനിവാര്യതകളെ കുറിച്ച് അദ്ദേഹം വാചാലനായി. മുസ്ലീങ്ങള്‍ക്ക് മാത്രമായി പാകിസ്ഥാന്‍ എന്ന രാജ്യം അനുവദിച്ചു തന്നില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള വ്യക്തവും കൃത്യവുമായ പദ്ധതി മുസ്ലീം ലീഗ് തയ്യാറാക്കിയിട്ടുണ്ട് എന്ന് ജിന്ന പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കള്‍ ഉള്ള ഭാരതത്തില്‍ കയ്യും കെട്ടി ജീവിക്കാന്‍ തനിക്കാകില്ലന്നും. പാകിസ്താന്‍ എന്ന രാഷ്ട്രം അനുവദിച്ചു തരാത്ത പക്ഷം പരിശുദ്ധ റംസാനിലെ പതിനെട്ടാം ദിവസം, (1946 ഓഗസ്റ്റ്‌ 16) “DIRECT ACTION DAY” ആയി ആചരിക്കും എന്നും പ്രഖ്യാപിച്ചു.

തുടർന്ന് ബംഗാളിൽ വലിയ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടു. മുസ്ലീങ്ങൾ പാകിസ്ഥാൻ വാദം ഉയർത്തിയപ്പോൾ ഹിന്ദുക്കളുടെ മറുപടികളെ ചെറുക്കുവാനായി അവർ മുന്നിലേയ്ക്ക് വച്ചത് ദളിത് സമുദായത്തെയായിരുന്നു. ദളിത് സമുദായത്തെ കരുവാക്കി ഇന്ത്യയ്ക്ക് നാശമുണ്ടാകുക എന്നതാണ് ഇസ്ലാമിൻ്റെ തന്ത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ സവർണ ജാതി ഹിന്ദുക്കളുടെ അടിമകളായി മുസ്ലീങ്ങൾക്കും ദളിതുകൾക്കും കഴിയേണ്ടിവരുമെന്നും അതിനാൽ മുസ്‌ലിം ആധിപത്യം വരുന്നതാണ് പട്ടികജാതിക്കാരന് നല്ലത് എന്നുമൊക്കെ അന്നും ഇന്നും മുസ്ലീങ്ങൾ പറഞ്ഞു നടന്നു. മുസ്ലീങ്ങളുടെ ഈ തഖിയയിൽ കുറച്ചു പട്ടികജാതിക്കാർ വീണുപോയി എന്നത് വാസ്തവമാണ്.

അതിൽ പ്രധാനിയായായിരുന്നു ജോഗേന്ദ്രനാഥ് മണ്ഡൽ. ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളേക്കാൾ ദലിതക്ക് നല്ലത് മുസ്ലീങ്ങൾക്കൊപ്പമുള്ള സഹവർത്തിത്വമാണെന്ന് അദ്ദേഹം വാദിച്ചു. ഡയറക്റ്റ് ആക്ഷന് പ്രതികരണം ചെയ്യാനിറങ്ങിയ ഹൈന്ദവരിൽ ഉൾപ്പെട്ട ദളിതുകളോട് മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളിൽ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം കിഴക്കൻ ബംഗാളിൽ ചുറ്റി സഞ്ചരിച്ചു. മുസ്ലിം ആക്രമണത്തിൽ ഇരകളായ ദളിതുകളോട് പോലും ആയുധമെടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത്രയ്‌ക്കുണ്ടായിരുന്നു തഖിയയിലൂടെ ഉണ്ടാക്കിയെടുത്ത മസ്തിഷ്ക പ്രക്ഷാളനം. ദളിതുകളെ പരിചയാക്കി ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങൾക്ക് മാനം പകരാം എന്ന തഖിയയുടെ വിജയിക്കപ്പെട്ട ഉദാഹരണമാണ് ജോഗേന്ദ്രനാഥ് മണ്ഡൽ.

1946 ഒക്ടോബറിൽ മുസ്ലീം ലീഗ് ഇടക്കാല സർക്കാരിൽ ചേർന്നപ്പോൾ, ലീഗിൻ്റെ അഞ്ച് പ്രതിനിധികളിൽ ഒരാളായി ജിന്ന മണ്ഡലിനെ നാമനിർദ്ദേശം ചെയ്തു. മണ്ഡലിന് നിയമ വകുപ്പ് ലഭിച്ചു. ഒടുവിൽ 1947 ആഗസ്റ്റ് 15ന് രാജ്യം വെട്ടി മുറിയ്ക്കപ്പെട്ടപ്പോൾ ജോഗേന്ദ്രനാഥ് മണ്ഡൽ കിഴക്കൻ പാകിസ്ഥാനിൽ പോയി (ഇന്നത്തെ ബംഗ്ലാദേശിൽ). പാകിസ്ഥാൻ രാഷ്ട്രത്തിൻ്റെ പ്രഥമ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന സ്ഥാനമേറ്റു. മുസ്ലിം ലീഗിനെ പിന്തുണച്ചതിനാൽ പാക്കിസ്ഥാൻ്റെ 96 സ്ഥാപക പിതാക്കന്മാരിൽ ഒരാളായി ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡലിനെയും പാകിസ്ഥാൻ അംഗീകരിച്ചു. പാകിസ്താൻ്റെ പ്രഥമ നിയമമന്ത്രിയായി മണ്ഡൽ അവരോധിയ്ക്കപ്പെട്ടു.

ഹിതകരമല്ലാത്ത തീരുമാനങ്ങളാൽ ഒരു നാടിനെ മുഴുവൻ അപകടപ്പെടുത്തി ചോരച്ചാലുകൾ സൃഷ്ടിച്ച് ഭൂമിയെ നരകമാക്കി മാറ്റിയ മുഹമ്മദലി ജിന്ന 1948 സെപ്റ്റംബർ 11ന് കറാച്ചിയിൽ വച്ച് കഥാവശേഷനായി. ഈ മരണത്തോടെ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ദളിതനായ ജോഗേന്ദ്രനാഥ് മണ്ഡൽ എന്ന പാകിസ്ഥാൻ നിയമ മന്ത്രിയ്ക്കായിരുന്നു. കാരണം ജിന്ന എന്ന ഷിയാ മുസ്ലീമിന് ശേഷം പാകിസ്താൻ്റെ ഭരണ സാരഥ്യം മുഴുവൻ ലിയാഖത് അലി ഖാൻ എന്ന സുന്നി മുസ്ലിമിൻ്റെ കൈപ്പിടിയിലൊതുങ്ങി. അതോടെ ഇസ്ലാം ആധിപത്യ ഭരണം എന്നാൽ അർഥം എന്തെന്ന് പാകിസ്ഥാനിൽ അവശേഷിച്ച പട്ടികജാതിക്കാർക്കും ജോഗേന്ദ്രനാഥ മണ്ഡലിനും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും മനസിലായി. മുസ്ലീം ഭൂരിപക്ഷ ബ്യൂറോക്രസിയുടെ കീഴിലുള്ള സംവിധാനം ഒരു അമുസ്ലിമായ ജോഗേന്ദ്രനാഥ് മണ്ഡൽ എന്ന ദളിതൻ്റെ ഉത്തരവുകൾ നടപ്പാക്കുവാൻ തയ്യാറായില്ല. മണ്ഡലിൻ്റെ നിർദ്ദേശങ്ങളെ മണ്ടത്തരമായും തമാശയോടെയുമാണ് പാകിസ്ഥാൻ മുസ്ലീം ബ്യൂറോക്രസി വീക്ഷിച്ചത്. അതിനൊരു പ്രധാന കാരണം എന്തെന്നാൽ., അംബേദ്കറെപ്പോലെ തന്നെ നൂതനമായ ഫെഡറൽ നിയമ വ്യവസ്ഥ തയ്യാറാക്കുവാനായിരുന്നു ജോഗേന്ദ്രനാഥ് പ്രയത്നിച്ചത്. പക്ഷെ പാകിസ്ഥാൻ ആഗ്രഹിച്ചത് ‘ശരിയ’ നിയമം ആയിരുന്നു. ഇത് തമ്മിൽ ഒരിയ്ക്കലും യോജിയ്ക്കില്ലല്ലോ.

പാകിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷം അനുഭവിയ്ക്കുന്ന പീഢനങ്ങൾ തുടർക്കഥയായപ്പോൾ ഇന്ത്യയിലെ ജനസംഘമടക്കമുള്ള പ്രതിപക്ഷം ശക്തമായ വാക്കുകൾ ഉപയോഗിച്ചു. തുടർന്ന് ഇന്ത്യാ ഗവണ്മെണ്ടിൻ്റെ ക്ഷണപ്രകാരം പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി തുടർന്ന് നടന്ന 6 ദിവസത്തെ ചർച്ചകൾക്ക് ശേഷം 1950 ഏപ്രിൽ 8ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും ചേർന്ന് ഡൽഹിയിൽ വച്ച് ലിയാഖത്ത് – നെഹ്രു കരാർ എന്ന ഉഭയകക്ഷി ഉടമ്പടിയിൽ ഒപ്പുവച്ചു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനിലെ മത ന്യൂന പക്ഷങ്ങളെയും പാകിസ്ഥാൻ അവരുടെ മത ന്യൂന പക്ഷങ്ങളെയും ശരിയായി സംരക്ഷിച്ചു കൊള്ളാം എന്നതായിരുന്നു ഇതിൻ്റെ രത്നച്ചുരുക്കം. ഈ ഉടമ്പടി പാലിച്ച മാന്യത കാണിച്ച രാഷ്ട്രമേത് എന്നത് വായനക്കാരുടെ ഔചിത്യത്തിന് വിടുന്നു. (നമ്മളോട് വാഗ്ദാനം ചെയ്തത് പാലിച്ചാൽ മാത്രം നമ്മൾ വാഗ്ദാനം ചെയ്തത് നിറവേറ്റിയാൽ മതി എന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്) ഒരു കാര്യം കൂട്ടിച്ചേർക്കട്ടെ ഈ ഉടമ്പടി ഒപ്പിടുമ്പോൾ ഇന്ത്യയിൽ 9.8% മുസ്ലീങ്ങൾ ഉണ്ടായിരുന്നു. പാക് ജനസംഖ്യയുടെ 23% മതന്യൂനപക്ഷങ്ങൾ ആയിരുന്നു. (ഇപ്പോഴത്തെ ബംഗ്ളാദേശായ അന്നത്തെ കിഴക്കൻ പാകിസ്ഥാനും ചേർത്തുള്ള കണക്കാണ് ഇത്)

പാകിസ്താൻ പോലീസിൻ്റെ പിന്തുണയോടെ മുസ്ലീം കലാപകാരികൾ ദലിതർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത് വ്യാപകമായപ്പോൾ ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡലിന് ഒരു വാസ്തവം പിടികിട്ടി. അത് എന്തെന്നാൽ, ദളിതരെ മുസ്ലീങ്ങൾ പിന്തുണയ്ക്കുന്നതല്ല മറിച്ച് പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിയ്ക്കുന്ന തഖിയയാണ് പ്രയോഗവത്‌കരിയ്ക്കപ്പെടുന്നത്. അത് കാണുമ്പോൾ മുസ്ലിം പിന്തുണ ലഭിയ്ക്കും എന്ന തോന്നൽ പട്ടികജാതിക്കാർക്ക് ഉണ്ടാകുന്നു എന്നുമാത്രം. ഇതിന് കാരണം എന്തെന്നാൽ പ്രവാചകൻ മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിച്ചത് ഇന്ത്യയിലെ ദലിതുകളെ സമുദ്ധരിയ്ക്കുക എന്ന ലക്ഷ്യത്തോടെയല്ല എന്നതിനാലാണ്. ഇസ്ലാം മതം സ്ഥാപിയ്ക്കപ്പെട്ടതു തന്നെ ലോകം മുഴുവൻ ഇസ്ലാമിക ഭരണകൂടങ്ങൾ സ്ഥാപിയ്ക്കുക എന്ന ലക്ഷ്യ പൂർത്തിയ്ക്കായിട്ടാണ്. അതിനായി പരിശ്രമിയ്ക്കുക എന്നതാണ് (ജിഹാദ് ചെയ്യുക) മുസ്ലീങ്ങളുടെ കടമ. അതിനായി തഖിയകൾ ഉപയോഗപ്പെടുത്താം (മതലക്ഷ്യം നേടുവാനുള്ള നുണകൾ) അങ്ങനെ ഉപയോഗപ്പെടുത്തിയ തഖിയ മാത്രമാണ് അന്നും ഇന്നും എന്നും ഇസ്ലാമിൻ്റെ ദളിത് പ്രേമം. ദളിത് സ്വത്വം ഉള്ളതിനാൽ എല്ലായ്‌പ്പോഴും പട്ടിക ജാതിക്കാരൻ കാഫിർ തന്നെയാണ്.

ഇത് വ്യക്തമായി ബോധ്യപ്പെട്ട ജോഗേന്ദ്രനാഥ് മണ്ഡലിന് പ്രതികരിയ്ക്കാതിരിയ്ക്കുവാനായില്ല. അദ്ദേഹം പ്രതികരിച്ചപ്പോൾ മുസ്ലീങ്ങൾ അദ്ദേഹത്തെ സംശയത്തോടെ വീക്ഷിയ്ക്കുവാൻ തുടങ്ങി. മണ്ഡലിൻ്റെ ജാതി സ്വത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങി ഒടുവിൽ ഒരു വിലയുമില്ലാതെ മന്ത്രിയായിരിയ്ക്കുന്നതിലും നല്ലത് രാജിവച്ചൊഴിയുന്നതാണ് എന്ന ബോദ്ധ്യത്തിൽ ജോഗേന്ദ്രനാഥ് മണ്ഡൽ എത്തിച്ചേർന്നു. അങ്ങനെ 1950 ഒക്ടോബർ 8ന് പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് രാജി സമർപ്പിച്ചു. രാജിക്കത്തിൽ മണ്ഡൽ ചൂണ്ടിക്കാട്ടിയ വിഷയം എന്തായിരുന്നുവെന്നാൽ തൻ്റെ (ഹിന്ദു ദളിത്) ജനങ്ങൾക്കെതിരെ അതിക്രമം നടത്തിയ കലാപകാരികൾക്കെതിരെ പാകിസ്ഥാൻ ഭരണകൂടത്തിൻ്റെ നിഷ്ക്രിയത്വം എന്നെ ലജ്ജിപ്പിയ്ക്കുന്നുവെന്നും ഇസ്ലാമിക ഭരണത്തിലെ സാമൂഹിക അനീതിയുമായി ബന്ധപ്പെട്ട സംഭവങ്ങളും മുസ്ലീം ഇതര ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാതപരമായ മനോഭാവവും തന്നെ തിരുത്തി ചിന്തിപ്പിയ്ക്കുന്നുവെന്നും അത്തരമൊരു ഭരണകൂടത്തിൻ്റെ ഭാഗമായിരിയ്ക്കാൻ താൻ ആഗ്രഹിയ്ക്കുന്നില്ലെന്നും അതിനാൽ രാജി വയ്ക്കുന്നുവെന്നുമായിരുന്നു കത്തിലെ പ്രതിപാദ്യം.

ഇത്രയുമായതോടെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ പ്രകോപിയ്ക്കപ്പെട്ടു. ജോഗേന്ദ്രനാഥ് മണ്ഡലിനെതിരെ അറസ്റ്റ് വാറണ്ട് ഇറങ്ങി. പാകിസ്ഥാനിൽ ഇനി തുടരുന്നത് തനിയ്ക്ക് നല്ലതല്ലെന്നും. താൻ എന്തിനെ ഇല്ലാതാക്കുവാനായി ഇസ്ലാമിനൊപ്പം കൂട്ടുകൂടിയോ അതിലേയ്ക്ക് തന്നെ മടങ്ങുന്നതാണ് നല്ലതെന്നും മണ്ഡലിന് ബോദ്ധ്യപ്പെട്ടു. തൻ്റെ സമുദായത്തെ രക്ഷിയ്ക്കും എന്ന് താൻ കരുതിയ ഇസ്ലാം തൻ്റെ ദളിത് സമുദായത്തെ തെരുവിൽ കൊത്തി നുറുക്കുന്ന കാഴ്ച മണ്ഡലിനെ തിരുത്തി ചിന്തിപ്പിയ്ക്കാൻ ധാരാളമായിരുന്നു. അങ്ങനെ 1950ൽ തന്നെ ഇന്ത്യയോട് രാഷ്ട്രീയ അഭയം യാചിച്ചുകൊണ്ട് ഒറ്റുകാരനായ ജോഗേന്ദ്രനാഥ് മണ്ഡൽ ഇന്ത്യയിലെത്തി. ഇന്ത്യ സ്വീകരിച്ചു. കാരണം ഹിന്ദുവിനെ ഇന്ത്യ സ്വീകരിച്ചില്ലെങ്കിൽ പിന്നെ അവന് ലോകത്തെവിടെപ്പോയി രക്ഷപെടുവാൻ സാധിയ്ക്കും…? ശിഷ്ടകാലം പശ്ചിമ ബംഗാളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവർത്തനവും ചെയ്യാതെ കിഴക്കൻ പാകിസ്ഥാനിൽ (ബംഗ്ലാദേശ്) നിന്നും ഭാരതത്തിലേക്ക് എത്തുന്ന ഹിന്ദു അഭയാർഥികളുടെ ക്ഷേമ പ്രവർത്തനം നടത്തിക്കൊണ്ട് അദ്ദേഹം കഴിഞ്ഞുകൂടി. ഇന്ത്യയുടെ കണ്ണിൽ ജോഗേന്ദ്രനാഥ് മണ്ഡൽ മരണം വരെയും ഒറ്റുകാരനായിരുന്നു.

ഇതേസമയം ദളിത് നേതാവായിരുന്ന അംബേദ്‌കർ തൻ്റെ വിദ്യാഭ്യാസത്തിൻ്റെ മഹത്വം ഉപയോഗിച്ച് ലോകത്തേയ്ക്കും മികച്ച ഒന്നാംതരം ഭരണഘടന തയ്യാറാക്കി രാജ്യത്തിന് സമ്മാനിച്ചു. അദ്ദേഹത്തെ രാഷ്ട്രം ബഹുമാനിച്ചു. ഹിന്ദുസ്ഥാനിലെ ദളിതനായ നിയമ മന്ത്രിയ്ക്ക് എന്ത് സംഭവിച്ചു എന്നും പാകിസ്താനിലെ ദളിതനായ നിയമമന്ത്രിയ്ക്ക് എന്ത് സംഭവിച്ചുവെന്നും ഇനിയും മനസിലാകാത്തവർ ഇസ്ലാമിക തഖിയയിൽ ജീവിതം ഹോമിച്ച് എരിഞ്ഞടങ്ങുക.

ഇതേ കലാപരിപാടി ഇന്ത്യയിലെ രാഷ്ട്രീയ ഇസ്ലാം ഇന്നും നടത്തുന്നുണ്ട്. അതിൽ നിരവധി പട്ടികജാതിക്കാർ വീണിട്ടുമുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിന് കരുവായി ഇന്ത്യയുടെ നാശത്തിന് ഹേതുവാകേണ്ട യാതൊരു ബാദ്ധ്യതയും ദളിതൻ്റെ പാരമ്പര്യത്തിനില്ല എന്ന വസ്തുത മനസിലാക്കണം. മുസ്ലീങ്ങൾ ഭൂരിപക്ഷമായ രാഷ്ട്രത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കാതെ ഓടി രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ദളിത് വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുവാനുള്ള പൗരത്വ ഭേദഗതി നിയമത്തെ പോലും എതിർക്കുന്ന ഇക്കൂട്ടരുടെ തഖിയ മനസിലാക്കുവാൻ വൈകിയാൽ അതിൻ്റെ ദൂഷ്യഫലങ്ങൾ തിരുത്താൻ സാധിയ്ക്കാത്ത അവസ്ഥയിലേയ്ക്ക് പോകും.

തുടരും….

Related Articles

Latest Articles